പരിസ്ഥിതി മന്ത്രാലയം പരിശോധനയിൽ പിടികൂടിയ അനധികൃത മാലിന്യ നിക്ഷേപം
ദോഹ: രാജ്യത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുംവിധം മാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങളും തള്ളുന്നതിനെതിരെ കർശന നടപടികളുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയിലാണ് അനധികൃത മണ്ണ് കടത്തലും കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യങ്ങൾ തള്ളുന്നതും കണ്ടെത്തി നടപടി സ്വീകരിച്ചത്. മന്ത്രാലയത്തിനു കീഴിലെ വന്യജീവി വികസന വകുപ്പ് നേതൃത്വത്തിലായിരുന്നു പരിശോധനകൾ.ഖത്തറിന്റെ പ്രകൃതിവിഭവങ്ങളുടെ ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം നടത്തിയ പരിശോധനയുടെ ഭാഗമായാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് അനുമതിയോ ലൈസൻസോ ഇല്ലാതെ വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം പാരിസ്ഥിതിക ലംഘനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു. പിടികൂടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറി. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.