സാമ്പത്തിക ഫോറത്തിൽ ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി സംസാരിക്കുന്നു
ദോഹ: വിനോദ സഞ്ചാര മേഖലയിൽ ശക്തമായ വളർച്ചയുമായി ഖത്തർ ടൂറിസം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ കാര്യമാത്രപ്രസക്തമായ പങ്കുമായി വിനോദ സഞ്ചാര മേഖല ഓരോ വർഷവും കുതിപ്പ് രേഖപ്പെടുത്തുകയാണെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി വ്യക്തമാക്കി. വ്യാഴാഴ്ച സമാപിച്ച ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ടാണ് വിനോദസഞ്ചാര മേഖലയിലെ കുതിപ്പിനെ അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ എട്ട് ശതമാനം സംഭാവന ചെയ്ത വിനോദ സഞ്ചാര മേഖലയിൽ നിന്നും 5500 കോടി റിയാലിന്റെ നേട്ടംകൊയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു. 2023നേക്കാൾ 14 ശതമാനത്തോളമാണ് ഈ വളർച്ച. 2030 ഓടെ രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ 12 ശതമാനംവരെ വിനോദ സഞ്ചാര മേഖലയിൽനിന്ന് സമാഹരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ പരിപാടികളും ആകർഷകമായ ടൂറിസം പദ്ധതികളുമായി വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തിയതിന്റെ ഫലം കൂടിയാണ് ഈ നേട്ടങ്ങൾ. 2024ൽ രാജ്യത്തെത്തിയ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം 50 ലക്ഷത്തിലെത്തി. 25 ശതമാനമാണ് വാർഷിക വർധന. ഹോസ്പിറ്റാലിറ്റി മേഖലയിലും ശക്തമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം ഒരു കോടിയോളമാണ് ഹോട്ടൽ റൂം നൈറ്റ് വിറ്റഴിച്ചത്.
ആഗോള വിനോദസഞ്ചാര മേഖലയുടെ വിവിധ മാറ്റങ്ങളും ഖത്തർ ടൂറിസം ചെയർമാൻ വിശദീകരിച്ചു. വെൽനസ്, സാംസ്കാരിക മേഖല, ആഡംബര വേദികൾ തുടങ്ങിയ വൈവിധ്യങ്ങൾ ടൂറിസത്തിൽ സജീവമാകുന്നു. പരമ്പരാഗത യാത്രാ സങ്കൽപങ്ങളേക്കാൾ, സന്ദർശകർ താമസസൗകര്യം, ഭക്ഷണാനുഭവങ്ങൾ, വിവിധ സാംസ്കാരിക ആഘോഷങ്ങൾ എന്നിവക്കാണ് കൂടുതൽ മുൻഗണന നൽകുന്നത് -സഅദ് ബിൻ അലി അൽ ഖർജി വിശദീകരിച്ചു.
ടൂറിസത്തിന്റെ പുതിയ സഹകരണ സാധ്യതകൾ, ആരോഗ്യ ടൂറിസം, നിക്ഷേപം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സൗദി അറേബ്യ, അബൂദബി എന്നിവയുമായി ചേർന്നുള്ള സംയുക്ത സംരംഭങ്ങൾ, ചൈനയുമായി മെച്ചപ്പെടുത്തിയ വ്യോമഗതാഗതം, ആരോഗ്യ-ക്ഷേമ മികവ് എന്നിവ ടൂറിസത്തിന്റെ വളർച്ച ഉറപ്പാക്കും. 2000 കോടി റിയാലിന്റെ സിമൈസ്മ തീരദേശ പദ്ധതിയും ഹമദ് അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണവും വിനോദസഞ്ചാര സാധ്യതകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.