ഫുവൈരിത് ബീച്ചിലെ ഹാച്ചറിയിൽ നിന്നുള്ള കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് ഒഴുക്കുന്നതിനു മുമ്പ് പരിചരിക്കുന്ന കുട്ടി
ദോഹ: ഖത്തറിന്‍റെ പരിസ്ഥിതി വൈവിധ്യങ്ങളിൽ ഒന്നായ കടലാമ വളർത്തുകേന്ദ്രത്തിലേക്ക് കുട്ടികൾ ഉൾപ്പെടെ കുടുംബങ്ങൾക്ക് യാത്രക്കുള്ള അവസരം ഒരുക്കി ഖത്തർ മ്യൂസിയവും പരിസ്ഥിതി മന്ത്രാലയവും. ഫുവൈരിത് ബീച്ചിലെ കടലാമ വളർത്തുകേന്ദ്രത്തിലേക്കാണ് ചിൽഡ്രൻസ് മ്യൂസിയമായ ഡാഡുവും പരിസ്ഥിതി മന്ത്രാലയവും ചേർന്ന് 'ടർട്ൽ എൻകൗണ്ടേഴ്സ്'യാത്രക്ക് അവസരമൊരുക്കുന്നത്. ഖത്തർ മ്യൂസിയംസിന്‍റെ കൾചർ പാസ് ഫാമിലി അംഗങ്ങൾക്കാണ് അവസരം. ഖത്തർ നാച്വറൽ ഹിസ്റ്ററി ഗ്രൂപ്പുമായി ചേർന്നാണ് അധികൃതർ വിദ്യാർഥികൾക്ക് അറിവും കൗതുകവും പകരുന്ന യാത്രാനുഭവത്തിന് അവസരം ഒരുക്കുന്നത്.
ഫുവൈരിത് ബീച്ചിൽ കടലാമകളുടെ പ്രജനന കാലമാണിപ്പോൾ. വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളാണ് ഇവിടെ അധികൃതർ ഒരുക്കിയ പ്രത്യേക ഹാച്ചറികളിൽ മുട്ടയിട്ട് വിരിഞ്ഞ് കടലിലേക്ക് നീങ്ങുന്നത്. ജൂൺ മുതൽ ജൂലൈ അവസാനംവരെയാണ് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നത്.
ഇവ രാജ്യത്തെ കുരുന്നുപ്രതിഭകൾക്ക് പ്രകൃതിയെ കൂടുതൽ അടുത്തറിയാനും പരിചയപ്പെടാനുമുള്ള അവസരമാക്കിമാറ്റുകയാണ് അധികൃതർ. പരിസ്ഥിതിയെ കരുതുകയും പ്രകൃതിക്കും ജീവജാലങ്ങൾക്കും കരുതൽ നൽകുന്ന തലമുറയായും കുട്ടികളെ മാറ്റുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു അവസരം ഒരുക്കുന്നതെന്ന് ഡാഡു മ്യൂസിയം ഡയറക്ടർ ഈസാ അൽ മന്നായി പറഞ്ഞു.
ജൂൺ 16, 21, 23, 28, 30, ജൂലൈ അഞ്ച്, ഏഴ്, 12 ദിവസങ്ങളിലാണ് സന്ദർശന അനുമതി. ഈ ദിവസങ്ങളിൽ രാത്രി എട്ടു മുതൽ ഒമ്പത് വരെ ഒരു മണിക്കൂർ മാത്രമാവും സന്ദർശന അവസരം. കൾചർ പാസ് ഫാമിലി അംഗങ്ങൾക്ക് ലഭിക്കുന്ന ന്യൂസ് ലെറ്ററിലെ ലിങ്ക് വഴി 'ടർട്ൽ എൻകൗണ്ടേഴ്സ്'ട്രിപ്പിന് ബുക്ക് ചെയ്യാം. ജൂൺ ഒമ്പത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
പരിസ്ഥിതി സംരക്ഷണ സംഘത്തിന്‍റെ നേതൃത്വത്തിൽ കടലാമക്കുഞ്ഞുങ്ങളെ ശേഖരിക്കുന്നതും ഇവയെ കടലിലേക്ക് ഇറക്കിവിടുന്നതും കാണാനും അവസരമുണ്ടാവും.
2003 മുതലാണ് കടലാമകളുടെ സംരക്ഷണത്തിനായി കടൽതീരത്ത് ഖത്തർ ടർട്ൽ േപ്രാജക്ട് ആരംഭിച്ചത്. പരിസ്ഥിതി മന്ത്രാലയം, ഖത്തർ യൂനിവേഴ്സിറ്റി എന്നിവയുടെ മേൽനോട്ടത്തിൽ ഖത്തർ എനർജി (നേരേത്ത ഖത്തർ പെട്രോളിയം) സ്പോൺസർഷിപ്പിലാണ് ഈ പരിസ്ഥിതി സംരക്ഷണ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.