ദോഹ: രാജ്യത്തിന്റെ പാരമ്പര്യത്തെ പുതുതലമുറക്കും സന്ദർശകർക്കും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്രദർശനങ്ങളാണ് ദർബ് അൽ സാഇയിൽ ഒരുക്കിയിട്ടുള്ളത്.
അൽ മുക്തിർ, അൽ ഇസ്ബ എന്നീ ഹെറിറ്റേജ് ക്യാമ്പുകളാണ് പരിപാടികളുടെ പ്രധാനപ്പെട്ട സവിശേഷതകൾ. ഈ പരമ്പരാഗത കൂടാരങ്ങൾ ഖത്തരി മരുഭൂമിയിലെ ജീവിതത്തിന്റെ യഥാർഥ അവതരണം സന്ദർശകർക്കായി ഒരുക്കും.
യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഗോത്രഭാഷകൾ, മരുഭൂമിയിലെ വഴികൾ, സ്ഥലങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള കവിത, കടങ്കഥ മത്സരങ്ങൾ സന്ദർശകർക്കായി സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് ഒട്ടക സവാരിയുടെ അനുഭവം ആസ്വദിക്കാനും മരുഭൂമിയിലെ അതിന്റെ ജീവിതത്തെക്കുറിച്ച് വിശദാംശങ്ങൾ പഠിക്കാനും അവസരമൊരുക്കുന്ന അൽ ഇസ്ബ ഹെറിറ്റേജ് ക്യാമ്പ് പ്രധാന പരിപാടികളിലൊന്നാണ്.
പൂർവികരുടെ നാടോടി ജീവിതശൈലിയും പരമ്പരാഗത ആചാരങ്ങളും ഇവിടെ സന്ദർശകർക്കായി ഒരുങ്ങും. ഫാൽക്കൺറി ആൻഡ് ഹണ്ടിങ് ഹൗസ്, സ്ത്രീകളുടെ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്ന നെയ്ത്തുശാല, െഡയറി പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയ പൈതൃക ഭവനങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
ഖത്തറിന്റെ സമുദ്ര പൈതൃക പരിസ്ഥിതിയെ ഉൾക്കൊള്ളുന്നതാണ് ഇവിടത്തെ അൽ ബിദ്ദ പരിപാടി. മജ്ലിസ് അൽ ബിദ്ദ, അൽ മുതവ്വ ഹൗസ്, പരമ്പരാഗത കഫേ, മജ്ലിസ് അൽ നുഖദ, അൽ നഹം, അക്കാസ് അൽ ഫ്രീജ് എന്നിവയും ഖത്തറിന്റെ നാവിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന അൽ ബിദ്ദയിലെ പ്രധാന ഭാഗങ്ങളാണ്.
പരമ്പരാഗത പൈതൃക ഗെയിമുകൾ, സാംസ്കാരിക മത്സരങ്ങൾ, ഖത്തറിന്റെ കടൽയാത്ര ചരിത്രം എന്നിവ രേഖപ്പെടുത്തുന്ന സമുദ്ര മ്യൂസിയവും ഇവിടെയുണ്ടാകും. കുട്ടികൾക്കായി പ്രത്യേക ഇടം തന്നെ ദർബ് അൽ സാഇയിൽ സ്ഥാപിച്ചിട്ടുണ്ട്. വിവിധ കായിക വിനോദങ്ങൾ ഉൾപ്പെടെ കുട്ടികൾക്കായി വിവിധ പരിപാടികൾ തുറന്ന വേദികളിൽ സംഘടിപ്പിക്കും. സിമ്പോസിയങ്ങൾ, കവിതാസായാഹ്നങ്ങൾ തുടങ്ങിയ സാംസ്കാരിക പരിപാടികളും നടക്കും. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമെല്ലാം ആഘോഷിക്കാനുള്ള വൈവിധ്യങ്ങളും ദർബ് അൽസാഇ ഒരുക്കും. കരകൗശല നിർമാണങ്ങളും പ്രദർശനങ്ങളും, വിനോദ പരിപാടികളും സന്ദർശകരെ ആകർഷിക്കുന്നതായിരിക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകരുകയാണ് സാംസ്കാരിക മന്ത്രാലയം. ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ ആയിരങ്ങൾ സന്ദർശിക്കുന്ന ആഘോഷവേദി കൂടിയാണ് ദർബ് അൽസാഇ. ദിവസവും വൈകീട്ട് മൂന്ന് മുതൽ രാത്രി 11 വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.