ഖത്തർ എയർവേസിന്റെ ബോയിങ് 737 മാക്സ് വിമാനം
ദോഹ ഹമദ് വിമാനത്താവളത്തിൽ
ദോഹ: ഖത്തർ എയർവേസ് വിമാനനിരയിലേക്കെത്തിയ രണ്ട് ബോയിങ് 737 മാക്സ് വിമാനങ്ങളിലൊന്ന് കുവൈത്ത് റൂട്ടിൽ സർവിസ് ആരംഭിച്ചു. ഓർഡർ ചെയ്ത ഒമ്പത് വിമാനങ്ങളിൽ ഏഴെണ്ണം കൂടി ഈ വർഷം ജൂലൈയിൽ എത്തുന്നതോടെ ചെറിയ ദൂരങ്ങളിലേക്കുള്ള വ്യോമ സർവിസുകളിൽ ഖത്തർ എയർവേസിന് കൂടുതൽ കരുത്തുപകരും.
ദേശീയ എയർലൈനായ ഖത്തർ എയർവേസ് വിമാനങ്ങളുടെ നിരയിലേക്ക് ബോയിങ് 737-8 മാക്സ് വിമാനങ്ങൾ എത്തിത്തുടങ്ങിയതായി ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ദോഹയിലെത്തിയ വിമാനങ്ങൾ ഡെലിവറിക്ക് ശേഷമുള്ള അറ്റകുറ്റപ്പണിക്ക് വിധേയമാക്കുകയും ശേഷം എല്ലാദിവസവും പൈലറ്റ് പരിശീലനത്തിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബോയിങ് 737-8 എത്തിയതോടെ ഭാവിയിലെ വളർച്ചക്ക് കരുത്തേകുമെന്നും പ്രത്യേകിച്ചും ഹ്രസ്വദൂര വിപണികളിൽ വലിയ വളർച്ച കൈവരിക്കുമെന്നും അൽ ബാകിർ ചൂണ്ടിക്കാട്ടി. ദോഹ-കുവൈത്ത് സെക്ടറിൽ ആദ്യവിമാനം സർവിസ് ആരംഭിച്ചതായും കൂടുതൽ വിമാനങ്ങളെത്തുന്നതോടെ ജി.സി.സിതലത്തിൽ ദോഹയിൽനിന്നുള്ള റൂട്ടുകളിൽ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓർഡർ നൽകിയ ഒമ്പത് വിമാനങ്ങളിൽ ഏഴ് വിമാനങ്ങൾ ജൂലൈയിൽ എത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
2022ലെ ഫാരൻബറോ എയർഷോയിൽ ബോയിങ് 737-10 വിഭാഗത്തിൽ പെടുന്ന 25 വിമാനങ്ങൾക്ക് ഖത്തർ ഓർഡർ നൽകിയിരുന്നു. ബോയിങ് 737-10ന്റെ മുൻനിര ഉപഭോക്താക്കളിലൊരാളാണ് ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.