ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ തുർക്കുമെനിസ്ഥാൻ പ്രസിഡൻറ് ഗുർബെൻഗുലി ബെർദിമുഹമെദോവുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിൽ ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളിൽ പ്രത്യേകിച്ചും ഈർജ്ജ, പരിസ്ഥിതി, നിക്ഷേപ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും അമീർ–തുർക്കുമെനിസ്ഥാൻ പ്രസിഡൻറ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടാതെ അന്താരാഷ്ട്ര – പ്രാദേശിക തലത്തിലെ നിരവധി വിഷയങ്ങളും ഏറ്റവും പുതിയ രാഷ്്ട്രീയ സാഹചര്യങ്ങളും പരസ്പര പ്രാധാന്യമുള്ള വിഷയങ്ങളും ഇരുരാഷ്ട്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. തുർക്കുമെനിസ്ഥാൻ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിവിധ മേഖലകളിലെ ധാരണാ പത്രങ്ങളിൽ ഒപ്പുവെക്കലിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സാക്ഷ്യം വഹിച്ചു. ഖത്തർ വിദേശകാര്യമന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടും തുർക്കുമെനിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിലെ ഇൻറർനാഷണൽ റിലേഷൻസും തമ്മിൽ നയതന്ത്ര പരിശീലന മേഖലയിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. കൂടാതെ ഖത്തറും തുർക്കുമെനിസ്ഥാനും തമ്മിൽ ഈർജ്ജ മേഖലയിൽ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും തുർക്കുമെനിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും തമ്മിൽ സ്റ്റാൻഡേർഡൈസേഷൻ, കാലാവസ്ഥാ നിരീക്ഷണം, സാക്ഷ്യപത്ര പ്രസാധനം തുടങ്ങിയ മേഖലയിലുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഖത്തർ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും തുർക്കുമെനിസ്ഥാൻ പരിസ്ഥിതി സംരക്ഷണ സമിതിയും തമ്മിൽ ബയോഡൈവേഴ്സിറ്റി സംരക്ഷണത്തിലും വന്യജീവി സംരക്ഷണത്തിലുമുള്ള ധാരണാ പത്രങ്ങളിലും ഒപ്പുവെച്ചു.ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ തുർക്കുമെനിസ്ഥാൻ പ്രസിഡൻറിന് ആദരസൂചകമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമീരി ദീവാനിൽ വിരുന്നൊരുക്കി. ഇരുരാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നും മന്ത്രിമാരടക്കം ഉന്നത വ്യക്തിത്വങ്ങൾ വിരുന്നിൽ പങ്കെടുത്തു.
നേരത്തെ ദോഹ ഹമദ് അന്താരാഷ്്ട്ര വിമാനത്താവളത്തിലെത്തിയ തുർക്കുമെനിസ്ഥാൻ പ്രസിഡൻറിന് ഉൗഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഖത്തർ പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ, തുർക്കുമെനിസ്ഥാനിലെ ഖത്തർ അംബാസഡർ ഖലീഫ ബിൻ അഹ്മദ് അൽ സുവൈദി, ഖത്തറിലെ തുർക്കുമെനിസ്ഥാൻ അംബാസഡർ ഒറാസ്മുഹമ്മദ് കരിയേവ് തുടങ്ങിയവർ പ്രസിഡൻറിനെ സ്വീകരിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.