യു.പിയില്‍ ബി.ജെ.പി നടത്തിയത് കടുത്ത വര്‍ഗീയ പ്രചരണം-പി.കെ കുഞ്ഞാലിക്കുട്ടി

ദോഹ: മോഡി പ്രഭാവമല്ല ബി.ജെ.പിക്ക് യു.പിയില്‍ വന്‍ വിജയം നല്‍കിയതെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ നടതത്തിയ കടുത്ത വര്‍ഗീയ പ്രചരണമാണ് കാരണമെന്നും മുസ്ലീം ലീഗ് അഖിലേന്താ ജനറല്‍ സെക്രട്ടറി പി.കുഞ്ഞാലിക്കുട്ടി പറഞ്ഞു.  
പുതിയ സ്ഥാനത്തേക്ക് എത്തിയ ശേഷം ആദ്യമായി  ദോഹയിലത്തെിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യു.പി.യില്‍ വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതും അന്വേഷിക്കേണ്ട കാര്യമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
അതേസമയം യു.പിയില്‍  മതേതര കക്ഷികള്‍ ഒരുമിച്ച് നിന്നിരുന്നെങ്കില്‍ സൂത്രക്കാരനായ കുരങ്ങന്‍ അപ്പം കൊണ്ടുപോയപോലെയുള്ള അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ബിഹാര്‍ മോഡല്‍ മഹാസഖ്യം യു.പിയില്‍ ബി.ജെ.പിക്കെതിരെ ഉണ്ടായിരുന്നെങ്കില്‍ അവര്‍ എട്ട് നിലയില്‍ തോല്‍ക്കുമായിരുന്നു. വോട്ടിങ് മെഷീനില്‍ ബി.ജെ.പി തിരിമറി നടത്തിയെന്ന പരാതി അന്വേഷിക്കേണ്ടതാണ്. ന്യൂനപക്ഷ ദളിത് വോട്ടുകള്‍ കൂടുതലായുള്ള അസംബ്ളി മണ്ഡലങ്ങളില്‍ പോലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചത് വളരെ അധികം ദൂരൂഹതയുണ്ടാക്കുന്നുണ്ട്. 
മയാവതി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വോട്ടിങ് മെഷീന്‍ തിരിമറി ആരോപിച്ചിട്ടുമുണ്ട്. ഇതുസംബന്ധിച്ച് തനിക്ക് കൂടുതല്‍ അറിയില്ളെങ്കിലും നിരന്തരം പരാതി ഉയരുന്നതിനാല്‍ ഇത് ഗൗരവമേറിയ വിഷയമാണെന്നും അന്വേഷിച്ച് നിജസ്ഥിത വെളിച്ചത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 
ബി.ജെ.പിയുടെ വിജയ പ്രതിഭാസം താല്‍ക്കാലികം മാത്രമാണ്. ഇന്ത്യയില്‍ മതേതരത്വം ആവശ്യമാണ്. നാനാത്വത്തില്‍ ഏകത്വം ആണ് ഇന്ത്യയുടെ പ്രത്യേകത. 
മതേതര കക്ഷികള്‍ ഒരുമിച്ചാല്‍ അപ്പോള്‍ തീരും ബി.ജെ.പി യുടെ മുന്നേറ്റം. മതേതര കക്ഷികളുടെ ഇടയില്‍ വരുന്ന ഭിന്നിപ്പാണ് ബിജെപിക്ക് ഗുണകരമാകുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം മതേതര കക്ഷികളു ടെ കയ്യില്‍ ഭദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു. 
എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ കുറിച്ച് പറയുന്ന ആക്ഷേപങ്ങള്‍ ശരിയല്ല. മോഡിയുടെ വ്യക്തി പ്രഭാവം ആണ് വിജയ കാരണമെങ്കില്‍ പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും എന്തുകൊണ്ട് ബി.ജെ.പിക്ക് വിജയം കിട്ടിയില്ല എന്നും അദ്ദേഹം ചോദിച്ചു. 
 മതേതര ശക്തികളെ ഒന്നിപ്പിക്കുകയാണ് ലീഗിന്‍െറ അഖിലേന്ത്യാ സെക്രട്ടറി എന്ന നിലക്കുള്ള തന്‍െറ  ശ്രമം. ഫാസിസത്തിനെതിരെ ലീഗ് ശക്തമായി  പോരാടും. മലപ്പുറം തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ഉന്നയിക്കുന്ന പ്രധാന വിഷയം ഇതാണ്.  ഫാസിസ്റ്റ്  ഭീഷണിയെ പിടിച്ചു കെട്ടാന്‍ അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. 
അതേസമയം എം.പി.സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാര്‍ട്ടി തീരുമാനം കൃത്യമായി ഉണ്ടാകുമെന്നായിരുന്നു മറുപടി. എന്നാല്‍  താങ്കള്‍ തന്നെയല്ളെ  സ്ഥാനാര്‍ഥിയാകുക എന്ന ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി.
ഫാസിസത്തിനെതിരായ പോരാട്ടവും ഒപ്പം സംസ്ഥാന സര്‍ക്കാരിന്‍െറ ഭരണ പരാജയവും  ഉപ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, കെ.എം.സി.സി. ഭാരവാഹികളായ എസ്.എ.എം. ബഷീര്‍, അബ്ദുനാസ്സര്‍ നാച്ചി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.