അബ്ദുറഹുമാന്‍ ഖത്തറില്‍ പാടാനത്തെി; കണ്ണൂരിലെ ‘കലോല്‍സവ മനസു’മായി 

ദോഹ: സംസ്ഥാന സ്കൂള്‍ കലോല്‍സവം കണ്ണൂരില്‍ നടക്കുമ്പോള്‍ വിധികര്‍ത്താവിന്‍െറ പാനലിലേക്ക് അപേക്ഷ കൊടുത്ത് കാത്തിരുന്ന ആളാണ് അബ്ദുറഹുമാന്‍ കോട്ടക്കല്‍ എന്ന പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍. അതിനുളള യോഗ്യതകളും ഏറെ ഉണ്ടായിരുന്നു. മാത്രമല്ല കലോല്‍സവ വേദികളില്‍ നിരവധി തവണ വിധികര്‍ത്താവായിരുന്നു. യാതൊരുവിധ പരാതികളും കേള്‍പ്പിച്ചിട്ടില്ല.  എന്നാല്‍  തന്നെ തഴഞ്ഞതറിഞ്ഞപ്പോള്‍  അബ്ദുറഹുമാന്‍ കോട്ടക്കലിന്  ആദ്യം തോന്നിയത് വേദനയായിരുന്നു.  എന്നാല്‍ പിന്നീട്  കുട്ടികളുടെ കലാപരിപാടികള്‍ മുഴുവന്‍ കണ്ടാസ്വാദിക്കണം എന്നും ഉറപ്പിച്ചു. പക്ഷെ അനുദിനം പെരുകി വരുന്ന ബാങ്ക് കടവും മറ്റ് ജീവിത ദുരിതങ്ങളും തളര്‍ത്തുന്നതിനിടക്ക് അതിനുള്ള സാഹചര്യമുണ്ടായില്ല.  ഈയിടെ നടന്ന കണ്ണൂര്‍ റവന്യൂ ജില്ലാ കലോല്‍സവം അടക്കമുള്ള നിരവധി കലോല്‍സവങ്ങളില്‍ അദ്ദേഹം വിധികര്‍ത്താവ് ആയിരുന്നു. തനിക്ക് അനുമതി നല്‍കാതിരുന്നതിന്‍െറ കാരണമായി പറഞ്ഞ സാഹചര്യം മറ്റുള്ള വിധികര്‍ത്താക്കളുടെ കാര്യത്തില്‍ ഉണ്ടായില്ല എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
 പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ ഉണ്ടാകുന്നിടം എന്നതിനാല്‍ കലോല്‍സവ വേദികളുടെ പ്രാധാന്യം ഏറെയാണന്നാണ് അബ്ദുറഹുമാന്‍ പറയുന്നത്. 
എന്നാല്‍ രക്ഷകര്‍ത്താക്കളുടെ മല്‍സരമായി മാറുന്നു എന്നത് മറ്റൊരു ദുര്യോഗവും. കണ്ണുര്‍ കലോല്‍സവം കാണാന്‍ ഏറെ താല്‍പ്പര്യമുണ്ടായിരുന്നിട്ടും ഗള്‍ഫിലേക്ക് വരേണ്ടി വന്നത് വ്യക്തിപരമായ പ്രശ്നങ്ങള്‍ നിമിത്തമാണ്. തന്‍െറ ആരാധകരായ പ്രവാസികളുടെ അടുത്തേക്ക് പ്രോഗ്രാമുകള്‍ തേടി വിസിറ്റിംങ് വിസയെടുത്ത് വിമാനം കയറുകയായിരുന്നു.  ഖത്തറില്‍ എത്തിയിട്ട് എട്ട് ദിവസങ്ങള്‍ പിന്നിട്ടു. 
 രണ്ട് വില്ലകളില്‍ സുഹൃത്തുവലയങ്ങള്‍ക്ക് മുന്നില്‍ ഇതുവരെ പാടി. ഫെബ്രുവരി ആദ്യം വരെ വിസ ഉണ്ടെങ്കിലും തണുപ്പും രോഗങ്ങളും അതിന് അനുവദിക്കുമോ എന്നറിയില്ളെന്ന് ഇദ്ദേഹം പറയുന്നു. 
കോഴിക്കോട് ആകാശവാണി നിലയത്തിലെ സീനിയര്‍ ആര്‍ട്ടിസ്റ്റും എരഞ്ഞോളി മൂസയുടെ ഗാനമേളകളിലെ സ്ഥിരം സാന്നിദ്ധ്യവുമായ അബ്ദുറഹുമാന്‍ കോട്ടക്കല്‍ പാടിയ മാപ്പിള പാട്ടുകളില്‍ പലതും മലയാളികള്‍ക്ക് പരിചിതമാണ്. എസ്.വി ഉസ്മാന്‍ എഴുതിയ എം.കുഞ്ഞിമൂസ ഈണമിട്ട് ഇദ്ദേഹം ആലപിച്ച ‘മധുവര്‍ണ്ണ പൂവല്ളേ..നറുനിലാപ്പൂമോളല്ളേ...’എന്ന ഗാനം മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലെയും മാപ്പിളപ്പാട്ട് വേദികളിലെയും ഇഷ്ടഗാനമാണ്.
 പ്രവാചകനെ കുറിച്ചുള്ള സ്തുതിഗീതമായ ‘പാരിന്‍െറ നേര്‍വഴി’ മദീനയില്‍ വെച്ചാണ് പ്രകാശനം ചെയ്യപ്പെട്ടത്. 20 വര്‍ഷം ബഹറൈനിലും മൂന്ന് വര്‍ഷം സൗദിയിലും പ്രവാസിയായിരുന്ന ഇദ്ദേഹം ജീവിത വഴിയില്‍ ഇന്ന് പ്രാരാബ്ദങ്ങളുടെ നടുവിലാണ്. കുടുംബാംഗത്തിന്‍െറ രോഗത്തിന്  വീട് പണയം വെച്ച് ചികില്‍സ നടത്തുകയും അതിനൊപ്പം മകളുടെ വിവാഹം നടത്തേണ്ടി വന്നപ്പോഴുണ്ടായ കടവുമാണ്  അബ്ദുറഹുമാന്‍ കോട്ടക്കലിനെ സാമ്പത്തികമായി തളര്‍ത്തിയത്. അതിനൊപ്പം കിഡിനി സംബന്ധമായ അസുഖങ്ങളുമുണ്ട്. 
എന്നാല്‍ പാടാന്‍ തുടങ്ങിയാല്‍ അദ്ദേഹം ദു:ഖങ്ങളെല്ലാം മറക്കും.  ദോഹയിലെ സംഗീതാസ്വാദകരില്‍ പലരും അബ്ദുറഹുമാനിക്ക എത്തിയത് അറിഞ്ഞ് ആഹ്ളാദത്തിലാണ്. ചെറുസദസുകള്‍ രൂപപ്പെടുത്തി ഇശല്‍സന്ധ്യകള്‍ ഒരുക്കി അദ്ദേഹത്തെ കൊണ്ട് പാടിക്കാന്‍ പലരും കാത്തിരിക്കുന്നുണ്ട്. 
മുഹമ്മദ് കുട്ടി അരീക്കോട്-ഗസനി കോഴിക്കോട് എന്നിവരുടെ ഹാര്‍മോണിയവും രാമചന്ദ്രന്‍ കണ്ണൂരിന്‍െറയും ഹമീദ് പള്ളിക്കരയുടെയും തബല, സലീം മലപ്പുറത്തിന്‍െറ കീബോര്‍ഡ് എന്നിവയെല്ലാം ഇവിടെ എത്തിയപ്പോള്‍ അദ്ദേഹത്തിന് കൂട്ടായി എത്തി. 
കരള്‍ നീറിപ്പിടഞ്ഞും കണ്ണുകള്‍ നനച്ചും പാടുന്ന ഈ മനുഷ്യന്‍െറ ഉള്ളിലെ സങ്കടത്തെ കുറിച്ച് പാട്ടുകേട്ട് കയ്യടിച്ച് പിരിഞ്ഞുപോകുന്ന പലര്‍ക്കും അറിയില്ല എന്നതാണ് നേര്. ആരോടും അബ്ദുറഹുമാനിക്ക അത് പറയാറുമില്ല. പക്ഷെ ഏഴ് ലക്ഷത്തോളം രൂപയുടെ ബാങ്ക് കടത്തില്‍ നിന്നും മോചനം വേണമെന്നും സ്വന്തം വീട്ടില്‍ വാര്‍ധക്ക്യം കഴിച്ച് കൂട്ടണമെന്നും ഉള്ള ആഗ്രഹമാണ് ഈ യാത്രയുടെ കാരണം. ഇശലും നന്‍മയും ഹൃദയത്തില്‍ പതിഞ്ഞുപോയ പ്രവാസികളുടെ മുന്നില്‍ ഈ 64 കാരന്‍ വീണ്ടും വീണ്ടും പാടാന്‍ കാത്തുനില്‍ക്കുകയാണ്. 
കാരുണ്യം വറ്റിയിട്ടില്ലാത്ത പ്രവാസ ലോകത്തിന്‍െറ മുന്നില്‍. കോഴിക്കോട് ജില്ലയിലെ വടകര ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയാണ് ഇദ്ദേഹം. ദോഹയിലെ നമ്പര്‍: 66994374
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.