ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്ക് ആയിരം കോടി ഡോളര്‍ വരെ ചെലവഴിക്കും

ദോഹ: ഖത്തര്‍ ആതിഥേയത്വമരുളുന്ന ഫിഫ 2022 ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്കായി 800 മുതല്‍ ആയിരം കോടി ഡോളര്‍ വരെയാണ് ഖത്തര്‍ ചെലവഴിക്കുന്നതെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി.
ലോകകപ്പിനായി ആകെ 20,000 കോടി ഡോളറാണു ചെലവഴിക്കുന്നത്. സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചതിന് ശേഷമുള്ള ബാക്കി തുക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി വരും. 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് അഞ്ച് സ്റ്റേഡിയങ്ങളുടെ മാതൃകകളാണ് ഇതുവരെ പുറത്തുവിട്ടതെങ്കിലും ആറെണ്ണത്തിന്‍െറ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്.  
ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമായിരിക്കും ആദ്യം സജ്ജമാകുന്ന വേദി. 2016 അവസാനത്തോടെ ഇതിന്‍െറ പുനര്‍നിര്‍മാണം പൂര്‍ത്തിയാവും. 2014 ഒക്ടോബറിലാണ് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഖലീഫ സ്റ്റേഡിയത്തിന്‍െറ നിര്‍മാണം ആരംഭിച്ചത്. 2013 ഡിസംബറില്‍ ആരംഭിച്ച വക്റ സ്റ്റേഡിയത്തിന്‍െറ നിര്‍മാണം 2018ല്‍ പൂര്‍ത്തിയാവും. അല്‍ ഖോര്‍ സിറ്റി അല്‍ ബയ്ത്ത് സ്റ്റേഡിയവും നിര്‍മിക്കുന്നത് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ്. 2014 ജൂണില്‍ ആരംഭിച്ച നിര്‍മാണം 2018ല്‍ പൂര്‍ത്തിയാവും. ഖത്തര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നിര്‍മിക്കുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം ഈ വര്‍ഷം മാര്‍ച്ചിലാണ് ആരംഭിച്ചത്. ഇത് 2019ല്‍ പൂര്‍ത്തിയാവും. പുനര്‍നിര്‍മിക്കുന്ന റയ്യാന്‍ സ്റ്റേഡിയം 2014 ജൂലൈയിലാണ് പ്രവൃത്തി ആരംഭിച്ചത്. ഇത് 2019ല്‍ പൂര്‍ത്തിയാവും. ലോകകപ്പ് ഫുട്ബോളിന്‍െറ ഉദ്ഘാടന, ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണത്തിന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവെറി ആന്‍ഡ് ലെഗസി മുഖ്യ കരാര്‍ ക്ഷണിച്ചിട്ടുണ്ട്. 280 കോടി റിയാലാണ് സ്റ്റേഡിയത്തിന് വകയിരുത്തിയത്. 2020ല്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
60,000 പേരെ ഉള്‍ക്കൊള്ളുന്നതാണ് അല്‍ ബയ്ത്ത് സ്റ്റേഡിയം. അല്‍ വക്റ സ്റ്റേറഡിയവും അല്‍ റയ്യാന്‍ സ്റ്റേഡിയവും 40,000 ഇരിപ്പിടങ്ങളുമായാണ് തയ്യാറാവുന്നത്. സ്റ്റേഡിയങ്ങള്‍ക്കൊപ്പം തന്നെ വിവിധ വേദികളെ കൂട്ടിയിണക്കി ദോഹ മെട്രോ റെയിലും ലുസൈല്‍ ലൈറ്റ് റെയില്‍ പ്രവൃത്തിയും അതിവേഗം മുന്നേറുന്നുണ്ട്. മെട്രോ റെയിലിന്‍െറ തുരങ്കനിര്‍മാണം 60 ശതമാനം പൂര്‍ത്തിയായി. ഭൂഗര്‍ഭപാതക്കായുള്ള 113 കിലോമീറ്റര്‍ തുരങ്കമാണ് ഇതുവരെ നിര്‍മിച്ചത്.             
ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളി ക്ഷേമ പദ്ധതികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീം കമ്മിറ്റി നിബന്ധനയുണ്ട്. ഇതു നിരീക്ഷിക്കാന്‍ സംവിധാനമുണ്ടെന്നും അല്‍ തവാദി പറഞ്ഞു. കൂടുതല്‍ തൊഴില്‍ പരിശോധകരെയും സൈറ്റ് ഇന്‍സ്പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളെ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. ഇങ്ങനെ തൊഴിലാളുകളുടെ ജീവിത സാഹചര്യവും തൊഴില്‍ സാഹചര്യവും മെച്ചപ്പെട്ടതാക്കാന്‍ ഖത്തര്‍ നിരന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ എല്ലാ വിഷയങ്ങളും ഒറ്റ ദിവസം കൊണ്ടു പരിഹരിക്കാനാകില്ല. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.