ദോഹ: ജി.സി.സി രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് ഖത്തര്‍ ലൈസന്‍സിനായി നേരിട്ട് റോഡ് ടെസ്റ്റിന് അപേക്ഷ നല്‍കാവുന്നതാണെന്ന് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ രാജ്യങ്ങളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ലൈസന്‍സുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഈ രീതിയില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് രണ്ടുതവണ മാത്രമേ റോഡ് ടെസ്റ്റിന് അവസരമുണ്ടാവുകയുള്ളൂ. നേരത്തെ ജി.സി.സി രാജ്യങ്ങളിലെ ലൈസന്‍സുള്ളവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ കൈവശമുള്ള ലൈസന്‍സ് ഖത്തര്‍ ലൈസന്‍സാക്കി മാറ്റാനാകുമായിരുന്നു. ഈ രീതി ഇപ്പോള്‍ നിര്‍ത്തിയിട്ടുണ്ട്.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങി മറ്റു രാജ്യങ്ങളിലെ ലൈസന്‍സ് ഉള്ളവര്‍ക്ക് നേരത്തെ ബാധകമായ നിയമത്തില്‍ മാറ്റമില്ല. ഇവര്‍ക്ക് തുടര്‍ന്നും ലേണേഴ്സ് ലൈസന്‍സ് അടക്കമുള്ള എല്ലാ ടെസ്റ്റുകളും പാസാകേണ്ടതുണ്ട്.
നിലവില്‍ ഹെവി ഡ്രൈവര്‍മാരുടെയും ക്രെയിന്‍, ജെ.സി.ബി തുടങ്ങിയ ഭീമന്‍ യന്ത്ര ഓപ്പറേറ്റര്‍മാരുടെയും വര്‍ധിച്ച ആവശ്യമാണ് രാജ്യത്തുള്ളത്. വന്‍കിട പദ്ധതികളുടെയും അടിസ്ഥാന വികസന പദ്ധതികളുടെയും നിര്‍മാണരംഗത്ത് ഇത്തരം ഡ്രൈവര്‍മാരുടെ ആവശ്യം ഒഴിച്ചുകൂടാനാവത്തതാണ്. ലൈറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷകരേക്കാള്‍ കൂടുതലാണ് ഹെവി ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ എണ്ണമെന്ന് വ്രൈഡിങ് സ്കൂള്‍ കേന്ദ്രങ്ങള്‍ പറയുന്നു. ദിവസവും 40 മുതല്‍ 60 വരെ അപേക്ഷകളാണത്രെ ഹെവി ഡ്രൈവിങ് പരിശീലനത്തിനായി ലഭിക്കുന്നത്. എന്നാല്‍, എല്ലാവിഭാഗങ്ങളിലുമായി കഷ്ടിച്ച് 70 ശതമാനം പേര്‍ മാത്രമേ പാസാകുന്നുള്ളൂവെന്ന് പ്രമുഖ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗതാഗത നിയമങ്ങള്‍ പാഠ്യവിഷയമായ ലേണേഴ്സ് -കമ്പ്യൂട്ടര്‍ ടെസ്റ്റിന് ഒരാള്‍ക്ക് പാസാകുന്നതുവരെ എഴുതാവുന്നതാണ്. എന്നാല്‍, നാലാമത്തെ അവസരത്തിലും പാസായിട്ടില്ളെങ്കില്‍ പരിശീലന കേന്ദ്രം സഹായത്തിനായി ഒരു ദ്വിഭാഷിയെ ഏര്‍പ്പാടാക്കും.
ഇംഗ്ളീഷ്, ഉറുദു, ഹിന്ദി എന്നീ ഭാഷകള്‍ക്ക് ദ്വിഭാഷികള്‍ നിലവിലുണ്ട്. ലേണേഴ്സ്, പാര്‍ക്കിങ്, റോഡ് ടെസ്റ്റുകള്‍ പാസാകുന്നതിന് മുന്നോടിയായി കമ്പ്യൂട്ടര്‍ ടെസ്റ്റ് പാസാകേണ്ടത് നിര്‍ബന്ധമാണ്. പുതിയ ഡ്രൈവിങ് പരിശീലന പദ്ധതി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കാന്‍ ഡ്രൈവര്‍മാരെ പ്രാപ്തരാക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഡ്രൈവര്‍മാര്‍ സാധാരണയായി വരുത്തുന്ന പിഴവുകളെക്കുറിച്ചുള്ള അറിവുകള്‍ പഠിതാക്കള്‍ക്ക് വിശദീകരിച്ചുനല്‍കി, സുരക്ഷക്ക് പ്രാധാന്യം നല്‍കിയുള്ള ഡ്രൈവിങ് സംസ്കാരം ലക്ഷ്യമിടുന്നതാണ് പുതിയ പരിശീലനരീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.