ഖത്തറില്‍ തിരക്കേറിയ റോഡില്‍ കടുവയിറങ്ങി – വിഡിയോ

ദോഹ: ഖത്തറിലെ തിരക്കറിയ ദോഹ എക്സ്പ്രസ് വേയില്‍ കടുവയിറങ്ങിയത് യാത്രക്കാരില്‍ ഭയവും കൗതുകവുമുണര്‍ത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് ഗതാഗതക്കുരുക്കിനെതുടര്‍ന്ന് നിരയായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലൂടെ കടുവ ഓടിവരുന്നതിന്‍െറ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഫെബ്രുവരി 22 റോഡില്‍ അല്‍ റയ്യാന്‍ ഭാഗത്താണ് കഴുത്തില്‍ പൊട്ടിയ ചങ്ങലയുമായി കടുവ ഓടിയത്. വീട്ടില്‍ വളര്‍ത്തുന്ന കടുവ കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയതാവുമെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍, കടുവയെ കൊണ്ടുപോകുന്ന വാനിന്‍െറ വാതില്‍ തുറന്ന് റോഡിലേക്ക് വീഴുന്ന ദൃശ്യം പിന്നീട് പുറത്തുവന്നു. ദൃശ്യങ്ങള്‍ അതിവേഗം പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ളെന്നും കടുവയെ ഉടന്‍ പിടികൂടുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ട്വിറ്റില്‍ അറിയിച്ചു. കടുവയെ കണ്ടത്തെിയ സ്ഥലം നിര്‍ണയിച്ചതായും സുരക്ഷ ഉദ്യോസ്ഥര്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ട്വീറ്റ്. എന്നാല്‍, തൊട്ടുപിന്നാലെ അറബ് പാരമ്പര്യ വസ്ത്രമായ തോബ് ധരിച്ച യുവാവ് കടുവയെ ചങ്ങലക്കിട്ടുപിടിച്ച ചിത്രങ്ങളും ഇതിനെ ട്രക്കിലേക്ക് കയറ്റുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ഖത്തറിലെ നിയമമനുസരിച്ച് കടുവ, പുലി, സിംഹം തുടങ്ങിയ വന്യമൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ്. നിയമലംഘകര്‍ക്ക് ആറുമാസം തടവും 1,000 മുതല്‍ 10,000 റിയാല്‍ വരെ പിഴയുമാണ്  ശിക്ഷ. ഖത്തറില്‍ ഇത്തരം സംഭവങ്ങള്‍ ആദ്യത്തേതല്ല.  വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സിംഹക്കുഞ്ഞിനെ മറ്റൊരു വീട്ടിലെ സോഫക്കടിയില്‍ കണ്ടത്തെിയ സംഭവവും രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തര്‍ സ്വദേശികള്‍ വളര്‍ത്തുന്ന പുള്ളിപ്പുലിയുമായി വാഹനത്തിലും ബോട്ടിലും സഞ്ചിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ യൂ ട്യൂബിലും മറ്റും പ്രചരിച്ചിട്ടുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.