ഖുംറ ചലച്ചിത്രോത്സവത്തിന്  തിരിതെളിഞ്ഞു

ദോഹ: രണ്ടാമത് രാജ്യാന്തര ഖുംറ ചലച്ചിത്രോത്സവത്തിന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ തുടക്കമായി. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറിലധികം ചലച്ചിത്രപ്രതിഭകളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. 13 ഫീച്ചര്‍ സിനിമ സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെയാണിത്. ഖത്തര്‍, അറബ് സിനിമ മേഖലയെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍ ഖുംറ ഫെസ്റ്റിവല്‍ വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 19 രാജ്യങ്ങളില്‍ നിന്നുള്ള 33 ചലച്ചിത്രങ്ങള്‍ ഖുംറയില്‍ അവതരിപ്പിക്കുന്നുണ്ട്. ഖത്തറിലെ സിനിമ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ കഴിവും മികവും ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്താന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് ഖുംറ. 
മിയ പാര്‍ക്കില്‍ ഇന്നലെ ഖുംറയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഫിലിം സ്ക്രീനിങില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഫാത്തിമ അല്‍ റുമൈഹി ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ജൊനാസ് കാര്‍പിഗ്നാനോയുടെ ‘മെഡിറ്ററേനിയ’, ജെയിംസ് ഷാമുസ് നിര്‍മാണത്തിലും തിരക്കഥാരചനയിലും പങ്കാളിയായി ആങ്ലി സംവിധാനം ചെയ്ത ‘ക്രൗച്ചിങ് ടൈഗര്‍ ഹിഡണ്‍ ഡ്രാഗണ്‍’, ജാസിം അല്‍ റുമൈഹിയുടെ ‘ദി പാം ട്രീ’ എന്നിവയാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. സിനിമകള്‍ക്ക് ആദ്യദിനം തന്നെ നല്ല പ്രേക്ഷക പങ്കാളിത്തമുണ്ടായിരുന്നു. 200ലധികം പ്രതിനിധികളാണ് ഖുംറയുടെ ഭാഗമാകുന്നത്. ന്യൂ വോയ്സ് ഇന്‍ സിനിമ വിഭാഗത്തില്‍ രണ്ടു സിനിമകളുടെ പ്രദര്‍ശനത്തോടെയാണ് ഇന്നത്തെ സ്ക്രീനിങിന് തുടക്കമാകുന്നത്. ഹസന്‍ ഫെര്‍ഹാനി സംവിധാനം ചെയ്ത നൂറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ‘റൗണ്ട് എബൗട്ട് ഇന്‍ മൈ ഹെഡ്’,  എലി ഡാഗ്ഹര്‍ സംവിധാനം ചെയ്ത 14 മിനിട്ട് ദൈര്‍ഘ്യമുള്ള ‘വേവ്സ് 98’ എന്നിവയുടെ പ്രദര്‍ശനമാണ് ആദ്യം. മിയ പാര്‍ക്കില്‍ വൈകുന്നേരം നാലിനാണ് സ്ക്രീനിങ് തുടങ്ങുന്നത്. 
മോഡേണ്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ നൂറി ബില്‍ഗെ ജീലാന്‍െറ ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ അനറ്റോലിയ’ പ്രദര്‍ശിപ്പിക്കും. ഈ സിനിമയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നിട്ടുണ്ട്. പത്തോളം ഡോക്യുമെന്‍ററികളും 10 ഷോര്‍ട്ട് ഫിലിമുകളും ആറ് ദിവസം നീളുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര പ്രദര്‍ശന മേളകളില്‍ തങ്ങളുടെ സൃഷ്ടികളെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ പരിശീലനവും ഖുംറ മേളയില്‍ നല്‍കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.