സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിക്കുന്നത് വരെ ഒപ്പം നില്‍ക്കും -ഖത്തര്‍

ദോഹ: ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാജ്യം സ്ഥാപിക്കുന്നതുവരെയും ഫലസ്തീന്‍ ജനതക്ക് സ്വയംനിര്‍ണയാവകാശം ലഭിക്കുന്നത് വരെയും അവര്‍ക്കൊപ്പം തന്നെയാണെന്ന് ഖത്തര്‍. 
നിയമപരമായ അവകാശങ്ങള്‍ ലഭിക്കുന്നതിന് ഫലസ്തീന്‍ ജനതക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി. ‘ഫലസ്തീനിലെയും മറ്റു അറബ് പ്രദേശങ്ങളിലെയും മനുഷ്യാവകാശ സാഹചര്യങ്ങള്‍’ എന്ന തലക്കെട്ടില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ജനീവ യു.എന്‍ ഓഫീസിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ഫൈസല്‍ ബിന്‍ അബ്ദുല്ല ആല്‍ ഹന്‍സാബാണ് ഖത്തറിന്‍െറ ധീരമായ നിലപാടിന് അടിവരയിട്ടത്. 
ഫലസ്തീനികള്‍ക്കെതിരെ  ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സംബന്ധിച്ച് പ്രതിപാദിക്കുന്ന യു.എന്‍ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക അജണ്ടയിലെ ഏഴാം വകുപ്പ് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഫലസ്തീനില്‍ നടത്തുന്നത്. അനധികൃത കുടിയേറ്റം, ബലപ്രയോഗം, കിടപ്പാടങ്ങള്‍ തകര്‍ക്കല്‍, വംശീയ മതില്‍ സ്ഥാപിക്കുക, ഫലസ്തീനികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തടവുകാര്‍ക്കെതിരെ നടത്തുന്ന പീഡനങ്ങള്‍, കൊലപാതകം, കൂട്ട ശിക്ഷ വിധി, ഫലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍, അഖ്സ പള്ളിയുടെ പവിത്രത തകര്‍ക്കുന്ന നടപടികള്‍, വിശ്വാസികള്‍ക്കും പ്രാര്‍ഥനക്കത്തെുന്നവര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ തുടങ്ങിയവ അന്താരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെ നയങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ്. ഇസ്രായേലിന്‍െറ പീഡനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ ലോകജനത പുലര്‍ത്തുന്ന ഭീകരമായ മൗനം ഖേദകരമാണ്. ഇസ്രായേലിന്‍െറ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാത്തത് നിര്‍ഭാഗ്യകരവുമാണ്. ഇതിന്‍െറയെല്ലാം ധാര്‍മികവും നിയമപരവുമായ പൂര്‍ണ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനാണെന്നും ഖത്തര്‍ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.