ദോഹ: ഇന്തോനേഷ്യന്‍ വീട്ടുവേലക്കാരിയുടെ മൃതദേഹം ഹമദ് ആശുപത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍, ഫലസ്തീന്‍ സ്വദേശിക്ക് മനുഷ്യക്കടത്തിന് തടവുശിക്ഷ വിധിച്ചത് അപ്പീല്‍ കോടതി ശരിവെച്ചു. എന്നാല്‍, വിധിക്കെതിരെ ഖത്തര്‍ പരമോന്നത കോടതിയില്‍ ഹരജി നല്‍കുമെന്ന പ്രതിയുടെ അഭിഭാഷകന്‍ അറിയിച്ചതായി പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍ സ്വദേശിയായ അദ്നാന്‍ മുസ്തഫ ഈദ് മുഹമ്മദിനെതിരായാണ് കീഴ്കോടതി എട്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ക്കൊപ്പം കേസില്‍ ശിക്ഷിക്കപ്പെട്ട ഖത്തരി വനിതയെ കോടതി കുറ്റവിമുക്തയാക്കി.
കേസില്‍ തന്‍െറ കക്ഷി ഇരയെ സഹായിക്കുകയാണ് ചെയ്തതതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. 2014ല്‍ നടന്ന സംഭവത്തെതുടര്‍ന്നാണ് നേരത്തെ കീഴ്കോടതി രണ്ടു പേര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് തടവ് ശിക്ഷ വിധിച്ചത്. ഫലസ്തീന്‍ സ്വദേശിക്കെതിരെ മനുഷ്യക്കടത്തിനും കുറ്റം ചുമത്തി. രണ്ടു പ്രതികളും ഇതുവരെ ശിക്ഷ അനുഭവിച്ചിട്ടില്ല.
സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ ഇന്തോനേഷ്യന്‍ വീട്ടുവേലക്കാരി ഫലസ്തീന്‍കാരന്‍െറ സഹായം തേടുകയും അയാള്‍ ഇവരെ ഖത്തരി സ്ത്രീയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തുകയുമായിരുന്നു. എന്നാല്‍, ഇവര്‍ ഇന്തോനേഷ്യക്കാരിയുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതിനിടെ, ശ്വാസകോശ സംബന്ധമായ രോഗബാധയെ തുടര്‍ന്ന് വേലക്കാരിയെ ഹമദ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ഐ.ഡി ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ വേണ്ട പരിഗണന ലഭിച്ചില്ളെന്നാണ് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് രോഗം ഗുരുതരമായ അവര്‍ ഖത്തരി സ്ത്രീയുടെ വീട്ടില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഫലസ്തീന്‍കാരന്‍െറ സഹായം തേടി. ഇയാള്‍ യുവതിയുടെ മൃതദേഹം ഹമദ് ജനറല്‍ ആശുപത്രിയില്‍ എലിവേറ്ററിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇന്തോനേഷ്യക്കാരിയെ ജോലി നേടാന്‍ സഹായിക്കുക മാത്രമാണ് ചെയ്്തതെന്നാണ് പ്രതി കോടതിയില്‍ വാദിച്ചത്. അതേ സമയം, സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ ഇരയെ പ്രതി ചൂഷണം ചെയ്യുകയായിരുന്നുവെന്നും ഇത് മനുഷ്യക്കടത്താണെന്നുമാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. പ്രതി അനധികൃത റിക്രൂട്ട്മെന്‍റ് ഏജന്‍സി നടത്തിയിരുന്നതായും യുവതി ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നതായും പ്രോസിക്യൂഷന്‍ അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ നടപടി മനുഷ്യത്വവിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. കേസിലെ വിധിയെക്കുറിച്ച് ഇന്തോനേഷ്യന്‍ എംബസി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.