ആകര്‍ഷകമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഹമദ് ഒന്നാമത്

ദോഹ: ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം ഇടം പിടിച്ചു. ഹഫിങ്ടണ്‍ പോസ്റ്റ് ഇറക്കിയ പട്ടികയില്‍ ഒന്നാമതായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും നേട്ടം കൊയ്തിരിക്കുന്നത്. 
യാത്രകള്‍ ഏറ്റവും ആസ്വാദ്യകരമാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിമാനത്താവളങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 25 മീറ്റര്‍ നീളമുള്ള നീന്തല്‍കുളം, ശാന്തമായ വിശ്രമ റൂമുകള്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങളുടെ വിപുലമായ ശേഖരം, മുമ്പ് അവാര്‍ഡിനര്‍ഹമായ വിമാനത്താവളത്തിലെ ഷോപ്പിങ് എംപോറിയം, എയര്‍പോര്‍ട്ടിലെ പ്രധാന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഭീമന്‍ ടെഡ്ഡി ബിയര്‍ പ്രതിമ, പെയിന്‍റിങ് വര്‍ക്കുകള്‍, വെളിച്ച ക്രമീകരണം തുടങ്ങിയവയെല്ലാം ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വിമാനത്താവളങ്ങളുടെ മുന്‍പന്തിയില്‍ വരുന്നതിന് ഹമദ് വിമാനത്താവളത്തെ ഏറെ സഹായിച്ചു. അന്താരാഷ്ട്ര ഏവിയേഷന്‍ സെക്ടറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്ത് കൊണ്ടത്തെിക്കുന്നതില്‍ ഈ നേട്ടം ഗുണകരമാകുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ബദ്ര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.
ലോകത്തിലെ മുന്‍നിര വിമാനത്താവളങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലത്തെിയ ദോഹ ഹമദ് വിമാനത്താവളം വികസന പ്രവൃത്തികളുടെ ഭാഗമായി നിര്‍മിച്ച വടക്ക് ഭാഗം ടെര്‍മിനല്‍ ഉടന്‍ തുറന്നുകൊടുക്കുമെന്ന് ഗതാഗതമന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി അറിയിച്ചിരുന്നു. 
ദോഹയില്‍ നടന്ന മൂന്നാമത് മിന സിവില്‍ ഏവിയേഷന്‍ സേഫ്റ്റി ഉച്ചകോടിയുടെ ഭാഗമായാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനത്താവളത്തിന്‍െറ ഭാവിവികസനവുമായി ബന്ധപ്പെട്ട് മന്ത്രാലയത്തില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
ഹമദ് അന്താരാഷ്ട്രവിമാനത്താവള വികസനത്തിനായി ബൃഹദ് പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഉയര്‍ന്ന ക്ളാസിലെ യാത്രക്കാര്‍ക്കായി പുതിയ ആഗമന-നിര്‍ഗമന ഏരിയയും പ്രകൃതി വെളിച്ചം ലഭ്യമാക്കത്തക്ക സൗകര്യങ്ങളുള്‍ക്കൊള്ളുന്ന കേന്ദ്രവും എയര്‍പോര്‍ട്ടിനെ ദോഹ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതുമടക്കം 800 കോടി ഡോളറിന്‍െറ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.  
45,000 ചതുരശ്ര മീറ്ററില്‍ യാത്രക്കാര്‍ക്കായി മ്യൂസിയം, സ്പാ, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ലൈബ്രറി, ജിം, ഡൈനിങ് ലോഞ്ച്, പൂന്തോട്ടങ്ങള്‍ തുടങ്ങിയ പുതിയ സൗകര്യങ്ങളുമൊരുക്കും. 2020 ആകുമ്പോഴേക്കും വിമാനത്താവള വിസ്തൃതി ഇപ്പോഴുള്ളതിന്‍െറ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.