ദോഹ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശനിയാഴ്ച പുറപ്പെടുവിച്ച വിധിയില്‍ ഖത്തറിന്‍െറ പേര് പരാമര്‍ശിച്ച ഈജിപ്ത് കോടതിയുടെ നടപടിയെ ഖത്തര്‍ അപലപിച്ചു. ‘ഖത്തര്‍ ചാരവൃത്തി’ എന്ന പേരില്‍ ഈജിപ്ത് തുടക്കം മുതല്‍ ഉയര്‍ത്തിയകേസില്‍ മുര്‍സിക്ക് 40 വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്.
സഹോദര രാജ്യങ്ങളോട് എങ്ങനെ പെരുമാറണമെന്ന ഖത്തറിന്‍െറ പ്രഖ്യാപിത നിലപാടുമായി ഒരു തരത്തിലും യോജിക്കാത്ത അവകാശവാദങ്ങളും സത്യവിരുദ്ധമായ പരാമര്‍ശവുമാണ് വിധിയിലുള്ളതെന്ന് വിദേശ കാര്യ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡയറക്ടര്‍ അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു. ഈജിപ്ത് കോടതിയുടെ വിധി അന്തിമമല്ലാത്തതിനാല്‍ ഇതിന് സാധുതയുമില്ല.
ഖത്തറിന് വേണ്ടി ഈജിപ്തിന്‍െറ മുന്‍ പ്രസിഡന്‍റും മാധ്യമപ്രവര്‍ത്തകരും ചാരവൃത്തി നടത്തിയെന്ന ആരോപണങ്ങള്‍ ആശ്ചര്യമുളവാക്കുന്നതും അടിസ്ഥാനരഹിതവുമാണ്. ഈജിപ്ത് കോടതികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വധശിക്ഷകളും ജിവപര്യന്തം തടവുകളും നിരന്തരം വിധിച്ചുകൊണ്ടിരിക്കുകയണ്. ഈജിപ്തിലെ പരമോന്നത കോടതി ഈ വിധികള്‍ റദ്ദാക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍തന്നെ ഇപ്പോള്‍ വന്നിരിക്കുന്ന വിധിയിലും യാതൊരു ആശ്ചര്യവുമില്ളെന്നും റുമൈഹി പറഞ്ഞു.
വിധി ശരിയായ നിയമ വ്യവസ്ഥയുടെ ഭാഗമായിട്ടല്ല എന്നത് വ്യക്തമാണ്.
നിയമമനുസരിച്ച് വിധി പുറപ്പെടുവിക്കുന്നതിന് പകരം മറ്റെന്തൊക്കെയോ ആണ് കോടതി പരിഗണിച്ചത്. മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ തമ്മിലുള്ള വിഷയമായതിനാല്‍ ഇത്തരം വിധികള്‍ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനേ സഹായിക്കൂ. ഈജിപ്തില്‍ വിപ്ളവം ഉണ്ടായത് മുതല്‍ ആ രാജ്യത്തെ ജനങ്ങളോടൊപ്പം നിന്ന രാജ്യങ്ങളില്‍ മുന്‍ നിരയിലായിരുന്നു ഖത്തര്‍. അറബ് സഹോദരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കേണ്ട ഉത്തരവാദിത്ത പൂര്‍ത്തീകരണം എന്ന നിലയിലാണ് ഖത്തര്‍ ഈജിപ്തിലെ ജനങ്ങളോടൊപ്പം നിന്നത്.
ഈജിപ്തിലെ ജനങ്ങളോട് ഇനിയും ഈ സാഹോദര്യ നിലപാടില്‍ തന്നെയാണ് ഖത്തര്‍ പ്രവര്‍ത്തിക്കുകയെന്നും അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.