പരിശോധന കര്‍ശനമാക്കി:തൊഴില്‍നിയമങ്ങള്‍  ലംഘിക്കുന്നത് കുറഞ്ഞു

ദോഹ: പരിശോധന കര്‍ശനമാക്കിയതോടെ തൊഴില്‍ നിയമങ്ങളില്‍ വീഴ്ച വരുത്തുന്ന കമ്പനികളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. ജൂണ്‍ 15 മുതല്‍ നിലവില്‍വന്ന പുറംതൊഴലാളികളുടെ ഉച്ചവിശ്രമം പാലിക്കുന്നത് ഉള്‍പ്പെടെ പുതിയ ചട്ടങ്ങളും നിയന്ത്രണങ്ങളും ഭൂരിഭാഗം കമ്പനികളും ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. കമ്പനികള്‍ക്ക് കരാറുകള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ പ്രധാനമായി പരിഗണിക്കുന്നത് തൊഴിലാളികളുടെ സുരക്ഷയും സുഖകരമായ ജോലി സാഹചര്യവുമാണ്. ഇക്കാര്യം ഉറപ്പ് വരുത്താത്ത കമ്പനികള്‍ക്ക് ടെന്‍ഡര്‍ ലഭിക്കാനുള്ള സാധ്യത കുറയുകയാണ്. നേരത്തെ ഒരു മുറികളില്‍ ആറില്‍ കുടുതല്‍ പേര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ ലേബര്‍ ക്യാമ്പില്‍ നാല് പേര്‍ മാത്രമേ ഉള്ളൂവെന്ന് ഒരു ബഹുരാഷ്ട്ര കമ്പനിയിലെ തൊഴിലാളി പറഞ്ഞു. പുതിയ ഉച്ചവിശ്രമനിയമപ്രകാരം പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജോലി രാവിലെ 11.30ന് മുമ്പ് അവസാനിച്ചിരിക്കണം. ഉച്ചക്ക് മൂന്ന് മണിക്കു ശേഷമേ ജോലി വീണ്ടും ആരംഭിക്കാവൂ. നിയമം പ്രാബല്യത്തില്‍ വന്ന ജൂണ്‍ 15ന് തന്നെ മൂന്ന് കമ്പനികളുടെ നിയമലംഘനങ്ങള്‍ പിടികൂടിയിരുന്നു. തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്‍െറ പുതിയ ഉത്തരവ് പ്രകാരം ജോലി സമയം ആറ് മണിക്കൂറാക്കി കുറച്ചിട്ടുമുണ്ട്. അധിക ജോലി സമയം പരമാവധി രണ്ട് മണിക്കൂറില്‍ കൂടാനും പാടില്ല.
റമദാനില്‍ തൊഴിലാളികള്‍ക്ക്് താങ്ങാവുന്ന ജോലികളേ നല്‍കാവൂ എന്നും ആവശ്യത്തിന് വിശ്രമം അനുവദിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നോമ്പെടുക്കുന്നവര്‍ കൂടുതല്‍ ഭാരമേറിയ ജോലിചെയ്യരുതെന്ന നിര്‍ദേശം ചില കമ്പനികളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ജോലി ഭാരം കുറക്കുന്നതിന് നോമ്പെടുക്കാത്ത തൊഴിലാളികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ജോലി നല്‍കുന്നത്. ഗ്രൂപ്പുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഒരു ഗ്രൂപ്പ് ജോലി ചെയ്യുമ്പോള്‍ മറ്റേ ഗ്രൂപ്പിലെ തൊഴിലാളികള്‍ക്ക് വിശ്രമിക്കാം. ഇതുവരെ ആര്‍ക്കും സൂര്യാതപം ഏറ്റിട്ടില്ളെന്നും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും നൂറുകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ നഴ്സ് വ്യക്തമാക്കി. തണുത്ത വെള്ളം, ഐസ്, ഗ്ളൂക്കോസ് തുടങ്ങി  പ്രാഥമിക വൈദ്യസഹായത്തിനാവശ്യമായ ഉല്‍പന്നങ്ങളും മതിയായ അളവില്‍ ജോലി സ്ഥലങ്ങളില്‍ ലഭ്യമാണ്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ അത് പാലിക്കാറില്ളെന്നും നഴ്സ് ചൂണ്ടിക്കാട്ടി. ഏതെങ്കിലും തൊഴിലാളിക്ക് തളര്‍ച്ചയുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ ജോലി സ്ഥലത്തെ ശിതീകരണ മുറിയിലേക്ക് മാറ്റുകയും വേണ്ട പരിചരണം നല്‍കുകുയം ചെയ്യുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.