ലേബര്‍ ക്യാമ്പുകളെ നോമ്പുതുറപ്പിക്കാന്‍  നാടന്‍ വിഭവങ്ങളൊരുക്കി മലയാളി മങ്കമാര്‍

ദോഹ: രുചിയേറും ബിരിയാണിയും നെയ്ചോറും കോഴിക്കറിയും ഒരുക്കുന്ന തിരക്കിലാണ് ദോഹയിലെ ഒരുകൂട്ടം വീട്ടമ്മമാര്‍. സ്വന്തം വീട്ടിലെ തീന്‍മേശയിലേക്കല്ല ഈ ഒരുക്കം. വിദൂരസ്ഥലങ്ങളിലെ തൊഴിലിടങ്ങളിലും ലേബര്‍ ക്യാമ്പുകളിലും കഴിയുന്ന തൊഴിലാളികള്‍ക്ക് നോമ്പുതുറയൊരുക്കാനാണ് ഈ വിഭവങ്ങള്‍. കള്‍ചറല്‍ ഫോറം വനിത കൂട്ടായ്മയായ നടുമുറ്റം പ്രവര്‍ത്തകരാണ് സ്വന്തം വീടുകളില്‍ പാകം ചെയ്ത ഭക്ഷണം ക്യാമ്പുകളിലത്തെിച്ച് കാരുണ്യത്തിന്‍െറ ഇഫ്താര്‍ ഒരുക്കുന്നത്.
വീടുകളില്‍ തയാറാക്കുന്ന നാടന്‍ വിഭവങ്ങളുമായി വൈകുന്നേരം നാലു മണിയോടെ  ഈ വീട്ടമ്മമാര്‍ ഏതെങ്കിലും ഫ്ളാറ്റില്‍ ഒത്തുചേരുകയാണ് പതിവ്. സമൂസ, പഴംപൊരി, കട്ട്ലെറ്റ് തുടങ്ങിയ ഇനങ്ങള്‍ക്കും മറ്റ് വിഭവങ്ങള്‍ക്കുമൊപ്പം പഴങ്ങള്‍, ജ്യൂസ് തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി ഭക്ഷണം പാക്കുകളിലാക്കുന്നതോടെയാണ് ഇവരുടെ ഉത്തരവാദിത്തം തീരുന്നത്. 
കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍മാരാണ് വാഹനങ്ങളിലത്തെി ഇവ ശേഖരിക്കുന്നതും വിവിധ ലേബര്‍ക്യാമ്പുകളിലേക്ക് എത്തിക്കുന്നതും. നജ്മ, ദോഹ ജദീദ്, ഗറാഫ, വുകൈര്‍, വക്റ തുടങ്ങിയ സ്ഥലങ്ങളില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളിലാണ് നാടന്‍ നോമ്പുതുറ നടത്തുന്നത്. 
ദോഹയില്‍ നിന്ന് അകലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിസഈദ് തുടങ്ങിയ സ്ഥലങ്ങളിലെ ലേബര്‍ ക്യാമ്പുകളിലും മരുഭൂമിയിലും മറ്റ് ഒറ്റപ്പെട്ട തൊഴില്‍സ്ഥലങ്ങളിലും വിഭവങ്ങള്‍ എത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിലുള്ള 18 ക്യാമ്പുകളില്‍ ഈ വര്‍ഷം നോമ്പുതുറകള്‍ ഒരുക്കാനാണ് നടുമുറ്റവും കള്‍ചറല്‍ ഫോറവും തീരുമാനിച്ചത്. 
ഇതിന് പുറമെ അഞ്ച് ക്യാമ്പുകളില്‍ സുഹൂറും ഒരുക്കുന്നുണ്ട്. മലയാളികള്‍ കൂടുതലുള്ള ക്യാമ്പുകളില്‍ ചോറ്, മീന്‍ കറി തുടങ്ങിയവയും മറ്റ് രാജ്യക്കാര്‍ കൂടുതല്‍ ഉള്ളയിടങ്ങളില്‍ അവര്‍ക്ക് അനുയോജ്യമായ ഭക്ഷണസാധനങ്ങളുമാണ് സുഹൂറിന് ഒരുക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് പകരം വീടുകളില്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങളുമായി നോമ്പുതുറക്കാനുള്ള അവസരം സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. അതുകൊണ്ട് തന്നെ നടുമുറ്റം ഖത്തറിന്‍െറ ഇഫ്താറുകള്‍ക്ക് ഹൃദ്യത ഏറെയാണ്. നേരിട്ട് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന്‍െറ ചാരിതാര്‍ഥ്യം ഈ പെണ്‍കൂട്ടങ്ങള്‍ക്കുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.