ഖത്തറിന് ചുട്ടുപൊള്ളുന്നു

ദോഹ: രാജ്യത്തെ മണ്ണും വിണ്ണും ചുട്ടുപൊള്ളിത്തുടങ്ങി. ഏതാനും ദിവസങ്ങളായി രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. സീസണിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഇന്നലത്തെ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 48 ഡിഗ്രി ആയിരുന്നു. അബൂഹാമൂര്‍, ഖത്തര്‍ യൂനിവേഴ്സിറ്റി മഖലകളിലാണ് ഇന്നലെ കൊടും ചൂട് രേഖപ്പെടുത്തിയത്. ശഹാനിയയില്‍ 47 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മിസഈദ്, വക്റ, അല്‍ ഖോര്‍ എന്നിവിടങ്ങളിലാണ് താപനില 46 ഡിഗ്രിയിലത്തെിയത്. ദോഹയില്‍ 45 ഡിഗ്രി സെല്‍ഷ്യസാണ് ഒൗദ്യോഗികമായി രേഖപ്പെടുത്തിയത്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ വരുമെന്നാണ് കണക്കാക്കുന്നത്. ദുഖാന്‍, ബൂ സംറ എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത്. 36 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ താപനില.
ചൂടിന് ഏറ്റവും കാഠിന്യമേറിയ ദിവസങ്ങളിലാണ് ഇത്തവണ റമദാന്‍ നോമ്പുകാലമെന്ന പ്രത്യേകതയുമുണ്ട്. പകല്‍സമയങ്ങളിലെ കടുത്ത ചൂട് വ്രതമെടുത്ത് പുറത്ത് ജോലിചെയ്യുന്ന വിശ്വാസികള്‍ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. നോമ്പിന്‍െറ ദൈര്‍ഘ്യം 15 മണിക്കൂറിലധികമുണ്ടെന്നത് പ്രയാസം വര്‍ധിപ്പിക്കും. വരുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ചൂട് കൂടുതല്‍ അസഹനീയമാകുമെന്ന ആശങ്കയിലാണ് തൊഴിലാളികളടക്കമുള്ളവര്‍.
തുറന്ന സ്ഥലങ്ങളില്‍ നേരിട്ട് വെയിലുകൊണ്ട് ജോലി ചെയ്യുന്നവരെയാണ് ചൂട് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. നിര്‍മാണ തൊഴിലാളികള്‍ക്കും ഡെലിവറി ബോയ്സിനുമെല്ലാം അതികഠിനമായ വെയിലില്‍ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. പുറത്ത് തൊഴിലെടുക്കുന്നവര്‍ക്കായി മന്ത്രാലയം പ്രഖ്യാപിക്കുന്ന ഉച്ച വിശ്രമ നിയമം ഏറെ ആശ്വാസം നല്‍കുന്നതാണ്.  ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 31 വരെയാണ് മധ്യാഹ്ന ഇടവേള അനുവദിക്കാറുള്ളത്. ഈ വര്‍ഷവും ഇത് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം നടപ്പാക്കിയാല്‍ പുറത്ത് കൊടും ചൂടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് രണ്ടര മാസം ഉച്ചക്ക് 11.30 മുതല്‍ മൂന്നര വരെ നിര്‍ബന്ധവിശ്രമം ലഭിക്കും. നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ഈ സമയത്തും പണിയെടുപ്പിക്കുന്ന കമ്പനികള്‍ ഒരു മാസം പൂട്ടിയിടുമെന്നാണ് വ്യവസ്ഥ. തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചുള്ള ഉത്തരവ് പാലിക്കാത്ത കമ്പനികള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന് പൊതുജനാരോഗ്യ ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി വ്യക്തമാക്കിയിരുന്നു. ഇത്തരം കമ്പനികള്‍ക്ക് വിസ നിരോധമടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. അതികഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ തൊഴിലാളികളടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.