ശൈഖ മൗസ പോപുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനില്‍ നടന്ന പ്രത്യേക സ്വീകരണത്തിനിടെയാണ് ശൈഖ മൗസ പോപുമായി കൂടിക്കാഴ്ച നടത്തിയത്. സംഘര്‍ഷഭരിത മേഖലകളിലെ വിദ്യാഭ്യാസം, കുടിയേറ്റം, അഭയാര്‍ഥി പ്രതിസന്ധി തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ലോകത്തെ പ്രധാന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനായി ക്രിസ്ത്യന്‍ മുസ്ലിം സ്നേഹ സംവാദം ആവശ്യമാണെന്ന് കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു. അഭയാര്‍ഥികളുടെ കാര്യത്തില്‍ പോപ്പ് മുമ്പോട്ട് വെക്കുന്ന നിലപാടുകളെ അഭിനന്ദിച്ച ശൈഖ മൗസ, പോപ്പിന്‍്റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും ലോക ജനത ആവേശഭരിതരാണെന്നും അറിയിച്ചു. മുഴുവന്‍ ജനതകളെയും വിശ്വാസങ്ങള്‍ക്കതീതമായി ഒരുമിച്ച് നിര്‍ത്താനും ഐക്യപ്പെട്ട് പോകാനും പോപ്പിന്‍െറ വാക്കുകള്‍ കൊണ്ട് സാധ്യമായിരിക്കുന്നുവെന്നും ശൈഖ വ്യക്തമാക്കി. ശൈഖ മൗസ നേതൃത്വം നല്‍കുന്ന എജുക്കേഷന്‍ ആള്‍ എബോവ് ഫൗണ്ടേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ലോകത്തെ നിരവധിയാളുകള്‍ക്ക് ഇതുമൂലം വിദ്യാഭ്യാസം സാധ്യമായിരിക്കുന്നുവെന്നും പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൂടിക്കാഴ്ചയില്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിയ പോപ്, സംഘര്‍ഷ പ്രദേശങ്ങളിലെ ജനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും വ്യക്തമാക്കി. കൂടിക്കാഴ്ചക്ക് ശേഷം ഖത്തര്‍ നാഷണല്‍ ലൈബ്രറിയും വത്തിക്കാനിലെ ബിബ്ളിയോടിക്ക അപോസ്റ്റോലിക്ക വത്തിക്കാനയും തമ്മില്‍ ധാരണ പത്രം ഒപ്പുവെക്കുന്ന ചടങ്ങിലും ഇരുവരും സന്നിഹിതരായി. അമീരി ദിവാന്‍ ഉപദേശകനും ഖത്തര്‍ നാഷണല്‍ ലൈബ്രറി അംഗവുമായ ഡോ. ഹമദ് അബ്ദുല്‍അസീസ് അല്‍ കുവാരിയും വത്തിക്കാന്‍ ലൈബ്രറി ഡയറക്ടര്‍ മോന്‍സ് സീസര്‍ പസീനിയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുമായും ശൈഖ മൗസ കൂടിക്കാഴ്ച നടത്തിയിരുന്നു. റോമിലെ പലാസോ ചിഗിയിലായിരുന്നു കൂടിക്കാഴ്ച. അഭയാര്‍ഥികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. ഇറ്റലിയിലെ അഭയാര്‍ഥികള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെക്കുറിച്ചും ലോക രാജ്യങ്ങളുമായി സഹകരിച്ച് സിറിയക്കാരായ അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും സിറിയയിലെ പ്രശ്നം പരിഹരിക്കുന്നതിന് നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ സംബന്ധിച്ചും ശൈഖ മൗസ റെന്‍സിയില്‍ നിന്ന് ചോദിച്ചു മനസ്സിലാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.