ദോഹ: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചുള്ള ഉത്തരവ് പാലിക്കാത്ത കമ്പനികള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന് പൊതുജനാരോഗ്യ ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി. മെഡിക്കല്‍ കമ്മീഷനില്‍ നടന്ന തൊഴിലാളികളുടെ ആരോഗ്യ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കമ്പനികള്‍ക്ക് പുതിയ വിസ നല്‍കുന്നതുള്‍പ്പെടെയുള്ളവ നിരോധിക്കുമെന്നും ഡോ.ശൈഖ് മുഹമ്മദ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 15 മുതലാണ് പുതുക്കിയ തൊഴില്‍ സമയം നിലവില്‍വരിക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്കുള്ള ദേശീയ ആരോഗ്യ പദ്ധതി ഈമാസം 19ന് പ്രഖ്യാപിക്കും. തൊഴിലാളി ക്ഷേമത്തിന് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടാണ് അടുത്ത പഞ്ചവല്‍സര ആരോഗ്യ പദ്ധതി തയാറാകുന്നത്. തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന തൊഴിലപകടങ്ങള്‍ മൂന്ന് ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 2011-16 ദേശീയ ആരോഗ്യ പദ്ധതിയിലെ പൊതുജനാരോഗ്യ തൊഴില്‍ സുരക്ഷാ ലക്ഷ്യങ്ങളില്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയെന്നും രാജ്യത്തെ തൊഴില്‍പരമായ ആരോഗ്യ, സുരക്ഷ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ജര്‍മന്‍ കമ്പനിയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആരോഗ്യ മേഖലയില്‍ വിജയം കഴിഞ്ഞ അഞ്ച് വര്‍ഷം ഖത്തര്‍ വന്‍ നേട്ടമാണ് കൈവരിച്ചത്. വരും കാലങ്ങളിലും ഇത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഡോ. ശൈഖ് മുഹമ്മദ് പറഞ്ഞു. 2015 ല്‍ റോഡ് അപകടങ്ങള്‍ 30 ശതമാനമായി കുറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ ഇതുവരെ റോഡ് അപകടം 30 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളില്‍ ഏകദേശം 50 ശതമാനം കുറവുണ്ടായത് പ്രധാനപ്പെട്ട നേട്ടമാണ്. ഈ മേഖലയില്‍ ചില വികസിത രാജ്യങ്ങളെ ഖത്തര്‍ പിന്നിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വാഹനാപകടങ്ങളുടെ നിരക്ക് ഖത്തറില്‍ കുറവാണ്്. വ്യവസായ മേഖല, അല്‍ഖോര്‍, മിസഇദ് എന്നിവിടങ്ങളിലായി അടുത്ത 18 മാസത്തിനുള്ളില്‍ തൊഴിലാളികള്‍ക്കായി മൂന്ന് ആശുപത്രികള്‍ തുറക്കും. തൊഴില്‍പരമായ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാ കമ്പനികളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രാലയം വിവിധ ബോധവല്‍കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.