ഇന്ത്യയില്‍ നിക്ഷേപ അനുകൂല സാഹചര്യം -എം.എ യൂസുഫലി

ദോഹ: ഇന്ത്യയില്‍ ഇപ്പോള്‍ മികച്ച നിക്ഷേപ അനുകൂല സാഹചര്യമാണുള്ളതെന്നും ഗള്‍ഫ് രാജ്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ഇന്ത്യയിലേക്കാണ് നിക്ഷേപത്തിന് താല്‍പര്യപ്പെടുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.
രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ച കൂടി കണക്കിലെടുത്താണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് ഷെറാട്ടന്‍ ഹോട്ടലില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം. പ്രമുഖ ഖത്തരി വ്യവസായികളെ പങ്കെടുപ്പിച്ച് നടത്തുന്ന നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ വ്യവസായിയാണ് യൂസഫലി. ബാങ്കിങ് മേഖലയിലെ ഉന്നത പ്രഫഷണല്‍ എന്ന നിലയില്‍ ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍. സീതാരാമനും നിക്ഷേപസംഗമത്തിലേക്ക് ക്ഷണമുണ്ട്.
കേരളത്തിലേക്ക് ഗള്‍ഫില്‍ നിന്ന് കൂടുതല്‍ നിക്ഷേപം എത്തിക്കുകയെന്നത് തന്‍െറ താല്‍പര്യം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപം എത്തിച്ച് വ്യവസായം തുടങ്ങാനുള്ള പദ്ധതികളായിരിക്കണം പുതിയ സംസ്ഥാന സര്‍ക്കാറിന്‍െറ അടുത്ത പ്രധാന അജണ്ട. അതിനായി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ഗള്‍ഫിലേക്കു ക്ഷണിച്ചിട്ടുണ്ട്. കേരളത്തിന് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ വൈകരുത്. ഭാവി തലമുറക്ക് നല്ല ശമ്പളം കിട്ടുന്ന ജോലി നാട്ടില്‍ തന്നെ ഉറപ്പാക്കാന്‍ കഴിയണം.
അനാവശ്യ സമരങ്ങളും മറ്റും ഒഴിവായതോടെ നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. തൊഴിലാളികളും മുതലാളിമാരും തമ്മിലുള്ള ബന്ധം പുതിയ സാഹചര്യത്തില്‍ മാറ്റിയെടുത്ത് മുമ്പോട്ട് പോയില്ളെങ്കില്‍ കേരളം വികസന ഭൂപടത്തില്‍ തന്നെ കാണില്ളെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ ഭരണഘടനയുള്ള രാജ്യം എന്ന നിലയില്‍ എല്ലാവര്‍ക്കും തുല്യനിയമം എന്നതാണ് ഇന്ത്യയെ നിക്ഷേപ അനുകൂലമാക്കുന്ന ഘടകം.
ഖത്തര്‍ നിക്ഷേപക അതോറിറ്റിക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള താല്‍പര്യം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഇന്ത്യ സന്ദര്‍ശന വേളയിലും വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ഖത്തരി വ്യവസായികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുമെന്നാണ് പ്രതീക്ഷ. എണ്ണ വില കുറഞ്ഞിട്ടും ഗള്‍ഫ് രാഷ്ട്രങ്ങള്‍ പിടിച്ചുനില്‍ക്കുന്നത് അവര്‍ വിദേശത്ത് നടത്തിയ ശക്തമായ നിക്ഷേപങ്ങളുടെ ബലത്തിലാണ്. അല്ളെങ്കില്‍ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ ജോലി എണ്ണവിലയിടവിനെ തുടര്‍ന്നു നഷ്ടപ്പെട്ടേനെ.
ഏഴു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. അതില്‍ പകുതിയോളം മലയാളികളും. ഇന്ത്യക്കാരുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഖത്തര്‍ ഭരണകൂടം എന്നും ഒന്നിച്ച് നിന്നിട്ടുണ്ടെന്നു യൂസഫലി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.