തൊഴിലാളികള്‍ക്കൊപ്പം പന്തിയിലിരുന്ന് മോദി

ദോഹ: ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലാളികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് അവരുടെ മനംകവര്‍ന്നത്. ദോഹ മുശൈരിബ് ഡൗണ്‍ ടൗണ്‍ പദ്ധതി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അറബ് ടെക് കമ്പനി ജീവനക്കാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഭക്ഷണം കഴിച്ചത്.
കാരിലിയോണ്‍ പ്ളാന്‍റ് സൂപ്പര്‍വൈസര്‍ ആലപ്പുഴ കുത്തന്‍ചേരൂര്‍ പൗര്‍ണമിയില്‍ വിനോദ് കുമാറിനരികിലാണ് പ്രധാനമന്ത്രി ആദ്യമിരുന്നത്. അപ്രതീക്ഷിതമായാണ് നരേന്ദ്ര മോദി വിനോദിന്‍െറ സമീപം വന്നിരുന്നത്. വിനോദിന് സമീപത്തുണ്ടായിരുന്ന ഭക്ഷണപ്പൊതി തുറന്ന് കുറച്ച് ഉപ്പുമാവും വടയുടെ ഒരു കഷണവും കഴിച്ചു. കൂട്ടത്തില്‍ വിശേഷങ്ങളും അന്വേഷിച്ചു. എങ്ങനെയുണ്ട് തൊഴില്‍ സാഹചര്യങ്ങള്‍ എന്നായിരുന്നു കുശലാന്വേഷണത്തില്‍ ആദ്യം ചോദിച്ചത്.
വളരെ നല്ലതെന്ന മറുപടിക്ക് പിന്നാലെ വന്ന ചോദ്യം ഭക്ഷണത്തെക്കുറിച്ചായി. എല്ലാ സംസ്ഥാനങ്ങളിലെ ഭക്ഷണവും ഇവിടെ കിട്ടുമോ എന്നായിരുന്നു അടുത്ത ചോദ്യം. കിട്ടുമെന്ന ഉത്തരത്തിന് പിന്നാലെ റമദാനില്‍ എങ്ങനെയാണ് ഭക്ഷണ രീതികളെന്ന ചോദ്യമായിരുന്നു പ്രധാനമന്ത്രിക്കുണ്ടായിരുന്നത്. മുസ്ലിംകള്‍ക്ക് ഭക്ഷണം കഴിക്കുന്നതില്‍ വിരോധമുണ്ടെങ്കിലും അമുസ്ലിംകളായ തെഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടെന്നും പരസ്യമായി കഴിക്കാന്‍ പാടില്ളെങ്കിലും തങ്ങള്‍ക്കെല്ലാവര്‍ക്കും കമ്പനി ഭക്ഷണം എത്തിച്ചു തരാറുണ്ടെന്നും വിനോദ് കുമാര്‍ മറുപടി നല്‍കി.
മുശൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ പ്രൊജക്ടില്‍ ജോലി ചെയ്യുന്ന വിനോദ് കുമാര്‍ കാറിലിയോണ്‍ കമ്പനിയിലെ പ്ളാന്‍റ് സൂപ്പര്‍വൈസറായി നാല് വര്‍ഷമായി ദോഹയിലുണ്ട്. അതിനുമുമ്പ് ഇതേ കമ്പനിയില്‍ അബൂദബിയിലായിരുന്നു.
അതുകഴിഞ്ഞ് തൊട്ടടുത്ത് മാറിയിരുന്ന് തെലുങ്കാനയിലെ അനില്‍ കുമാറുമായും മോദി കുശലം പങ്കിട്ടു. അറബ് ടെക് ജീവനക്കാരനായ തെലങ്കാന സ്വദേശി അനില്‍ കുമാറിനരികിലും മോദി കുറച്ചു സമയമിരുന്ന് ഭക്ഷണം കഴിച്ചു.
വൈകുന്നേരം 6.50 ഓടെയാണ് മോദി ഡൗണ്‍ടൗണില്‍  ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലത്തെിയത്. 400ഓളം തൊഴിലാളികളാണ് ക്യാമ്പിനത്തെിയിരുന്നത്. ഇവരെ രണ്ട് ഭാഗത്തായി തിരിച്ചാണ് ആരോഗ്യ പരിശോധനകള്‍ നടത്തിയത്.
മോദി എത്തിയ ഉടന്‍ രോഗപരിശോധന നടക്കുന്ന ഭാഗത്തേക്കാണ് പോയത്. അവിടെ ഡോക്ടര്‍മാരോടും മറ്റും വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് തൊഴിലാളികളെ ഇരുത്തിയ ഹാളില്‍ പ്രവേശിച്ചത്. ഇളം റോസ് നിറത്തിലുള്ള കുര്‍ത്തയും ചന്ദന നിറത്തിലുള്ള ജാക്കറ്റും അണിഞ്ഞാണ് മോദി ദോഹയില്‍ വിമാനമിറങ്ങിയത്. തൊഴിലാളികളെ കാണാന്‍ മുശൈരിബ് ടൗണില്‍ അദ്ദേഹം എത്തിയത് വെള്ള കുര്‍ത്തയും കറുപ്പും വെളുപ്പും കള്ളികളുള്ള ജാക്കറ്റും ധരിച്ചായിരുന്നു.                

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.