യു.എസ് വിമാനകമ്പനികളുടെ ആരോപണം: ഖത്തര്‍ എയര്‍വെയ്സിന് യു.എസ്  സര്‍ക്കാറിന്‍െറ  ധനസഹായം ലഭിച്ചെന്ന് 

ദോഹ: ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്സിന് 700 കോടി യു.എസ് ഡോളറിന്‍െറ സര്‍ക്കാര്‍ ധനസഹായം ലഭിച്ചതായി യു.എസ് വിമാനകമ്പനികളുടെ ആരോപണം.
 ‘ഓപണ്‍ സ്കൈ’ നയങ്ങളെക്കുറിച്ച് ഖത്തറും യു.എ.ഇയും അമേരിക്കന്‍ സര്‍ക്കാറുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ്  പ്രമുഖ അമേരിക്കന്‍ വിമാനക്കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുനൈറ്റഡ് എന്നീ കമ്പനികള്‍ അമേരിക്കന്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ‘ദോഹ ന്യൂസ്’ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഓപണ്‍ സ്കൈ’ കരാര്‍ പ്രകാരം അമേരിക്കന്‍ വ്യോമ മേഖലയിലേക്ക് പറക്കുന്ന ഗള്‍ഫ് വിമാനക്കമ്പനികള്‍ താരതമ്യേന നിരക്ക് കുറക്കുന്നതും സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതും അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് കടുത്ത  വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചത്താലത്തില്‍ ഗള്‍ഫ് വിമാനക്കമ്പനികളെ നിയന്ത്രിക്കണമെന്ന് യു.എസ് ഗവണ്‍മെന്‍റിനോട് ഈ വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടു വരുന്നുണ്ട്. 
യു.എസ് വ്യോമ മേഖലയിലേക്ക് പറക്കുന്ന ഗള്‍ഫ് വിമാനക്കമ്പനികള്‍ക്കുണ്ടാക്കുന്ന നഷ്ടം അതത് രാഷ്ട്രങ്ങളിലെ സര്‍ക്കാറുകള്‍ നല്‍കുന്ന സബ്സിഡിയിനത്തിലൂടെ പരിഹരിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. 2004ല്‍ ഉദ്ദേശം 16.5 ബില്യന്‍ യു.എസ് ഡോളര്‍ സബ്സിഡിയായി ഖത്തര്‍ എയര്‍വേഴ്സിന് ലഭിച്ചിരുന്നതായും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഖത്തര്‍ എയര്‍വേഴ്സ്, എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികള്‍ ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.
വ്യോമ മേഖലയില്‍ ന്യായവും തുല്യതയാര്‍ന്നതുമായ മല്‍സരം കാഴ്ചവെക്കാന്‍ എല്ലാ വിമാനക്കമ്പനികള്‍ക്കും അവസരം നല്‍കുന്നതാണ് ‘ഓപണ്‍ സ്കൈ പോളിസി’. 
ഇതു പ്രകാരം വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും സേവനങ്ങളും നിരക്കുകളും അതത് വിമാനക്കമ്പനികള്‍ക്ക് തീരുമാനിക്കാവുന്നതാണ്. എന്നാല്‍, അമേരിക്കന്‍ വ്യോമ മേഖലയിലേക്കുള്ള ഗള്‍ഫ് വിമാന സര്‍വീസുകളുടെ തള്ളിക്കയറ്റം ഇവിടുത്തെ വിമാനക്കമ്പനികളെ ബാധിക്കുന്നതിനാല്‍ ഇതിനെ തടയിടാനാണ് ഈ രാജ്യത്തെ വിമാനക്കമ്പനികള്‍ ശ്രമിച്ചുവരുന്നത്. നിലവില്‍ അമേരിക്കയിലെ പത്തോളം നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേഴ്സ് സര്‍വീസ് നടത്തിവരുന്നുണ്ട്. 
‘ഓപണ്‍ സ്കൈ’ നയം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍, ഗള്‍ഫ് വിമാനക്കമ്പനികളുമായി ചര്‍ച്ചയാവാമെന്നുമാണ് അമേരിക്കന്‍ സര്‍ക്കാറിന്‍െറ നിലപാട്. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക കാലയളവില്‍ ഏഴ് ബില്യന്‍ യു.എസ് ഡോളറിന്‍െറ സാമ്പത്തിക സഹായം ലഭിച്ചതായി ‘വാള്‍ സ്ട്രീറ്റ് ജേണലി’നെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ 3.7 ബില്യന്‍ ഡോളറിന്‍െറ സബ്സിഡി ദേശീയ വിമാനക്കമ്പനിക്ക് വകയിരുത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 
സാമ്പത്തിക കണക്കുകള്‍ മുഴുവനായും പുറത്തുവിടാറില്ളെങ്കിലും ഖത്തര്‍ എയര്‍വെയ്സ് കഴിഞ്ഞവര്‍ഷം 103 ദശലക്ഷം യു.എസ് ഡോളറിന്‍െറ ലാഭം നേടിയതായി സി.ഇ.ഒ അക്ബര്‍ അല്‍ ബാഖിര്‍ പ്രസ്താവിച്ചിരുന്നു. ഇതിനു പുറമെ ഇറ്റാലിയന്‍ വിമാനക്കമ്പനിയായ മെറീഡിയാനയിലും, ബ്രിട്ടീഷ് എയര്‍വെയ്സ് സ്പോണ്‍സര്‍മാരായ ഐ.എ.ജിയിലും ഖത്തര്‍ എയര്‍വെയ്സിന് ഓഹരി പങ്കാളിത്തമുണ്ട്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.