ജി.സി.സി പൗരന്‍ 132 ദശലക്ഷം റിയാല്‍  തട്ടിപ്പ് നടത്തി മുങ്ങി

ദോഹ: പ്രമുഖ ഖത്തരി വ്യവസായിയുടെ കീഴില്‍ ബിസിനസ്സ് റപ്രസെന്‍റിറ്റീവായി ജോലി നോക്കുകയായിരുന്ന ജി.സി.സി പൗരന്‍, 132 ദശലക്ഷം റിയാലിന്‍െറ സാമ്പത്തിക തിരിമറി നടത്തി രാജ്യത്ത് നിന്ന് കടന്നുകളഞ്ഞു. ഇയാള്‍ നടത്തുന്ന സാമ്പത്തിക വെട്ടിപ്പുകളെക്കുറിച്ച് ഖത്തര്‍ വ്യവസായിക്ക് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.  വിദേശത്തേക്ക് പോകാന്‍ തയാറെടുക്കവേ കോടതിയില്‍നിന്ന് ലഭിച്ച യാത്രാ നിരോധ ഉത്തരവ് കൈപ്പറ്റിയപ്പോള്‍ മാത്രമാണ് തന്‍െറ ജീവനക്കാന്‍ പണം വെട്ടിച്ച് മുങ്ങിയത് ഇയാള്‍ അറിഞ്ഞത്. 
വ്യവസായി അറിയാതെ അദ്ദേഹത്തിന്‍െറ പേരുപയോഗിച്ച് ജി.സി.സി പൗരന്‍ നിരവധി ഇടപാടുകള്‍ നടത്തുകയും, വിശ്വസിച്ചേല്‍പ്പിച്ച ചെക്കുകളില്‍ വ്യാജ ഒപ്പിട്ട് പലവിധ ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. വ്യവസായുടേതിന് സമാനമായ വ്യാജ ഒപ്പിട്ട് നല്‍കിയ ചെക്കുകളില്‍ കുറച്ചുപേര്‍ക്കു മാത്രമേ സംശയമുണ്ടായിരുന്നുള്ളുവത്രേ.  വീടുകള്‍, വിലപ്പിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്നനിരക്കിലാണ് ഇയാള്‍ വാങ്ങിയത്. കൂടാതെ രണ്ടുമാസത്തെ കാലാവധിയിലാണ് ചെക്ക് നല്‍കിയതും. ഈ രണ്ടുമാസങ്ങള്‍ക്കിടയില്‍ ഇയാള്‍ വസ്തുക്കള്‍ മറിച്ചുവില്‍പ്പന നടത്തുകയും പണം സ്വയം എടുക്കുകയും ചെയ്തു. വ്യവസായി രാജ്യത്ത് നിന്ന് പുറത്തുപോയ അവസരത്തിലായിരുന്നു ഈ തിരിമറികളെല്ലാം. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം താന്‍ ചെറിയ അവധിക്ക് നാട്ടില്‍പോകുകയാണെന്നും വൈകാതെ തിരിച്ചത്തെുമെന്നും വ്യവസായിയെ ധരിപ്പിച്ച് രാജ്യംവിടുകയായിരുന്നു. പിന്നീട് ഖത്തറില്‍ തിരിച്ചത്തെിയതുമില്ല. ജീവനക്കാരന്‍ ഉണ്ടാക്കിയ ബാധ്യതയുടെ പേരില്‍ ജയില്‍ശിക്ഷ അടക്കമുള്ള കോടതി ഉത്തരവുകള്‍ ലഭിച്ചിരിക്കുകയാണ് വ്യവസായിക്ക്. തന്‍െറ പ്രതിനിധി വ്യാജ ഒപ്പിട്ട് നല്‍കിയ ചെക്കുകളാണ് മറ്റുള്ളവര്‍ക്ക് നല്‍കിയതെന്നും ഇയാള്‍ രാജ്യത്തുനിന്നും കടന്നുകളഞ്ഞതായും അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.