തീവ്രവാദവും ആക്രമണങ്ങളും  മുഖം നോക്കാതെ എതിര്‍ക്കും -ഖത്തര്‍

ദോഹ: തീവ്രവാദത്തിനും ഹിംസക്കുമെതിരെ പോരാടാന്‍ ബുള്ളറ്റുകളും ബോംബുകളും മാത്രം മതിയാകുകയില്ളെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയരൂപവല്‍കരണമാണ് ഇതിന് വേണ്ടതെന്നും ഖത്തര്‍ വ്യക്തമാക്കി. ഭീകരവാദത്തിന്‍െറയും തീവ്രവാദത്തിന്‍െറയും ആക്രമണങ്ങളുടെയും എല്ലാ രൂപങ്ങള്‍ക്കെതിരെയും നിരന്തരമായി പോരാടും. ആഭ്യന്തര സംഘട്ടനങ്ങള്‍ക്കുള്ള പരിഹാരമായി  ശക്തമായ രാഷ്ട്രീയ തീരുമാനങ്ങള്‍ രൂപപ്പെടേണ്ടതുണ്ടെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സിവിലൈസേഷന്‍ അലയന്‍സിന്‍െറ വാര്‍ഷിക യോഗത്തിന് മുന്നോടിയായി ഇറക്കിയ പ്രസ്താവനയില്‍ സഖ്യത്തിന്‍െറ ഖത്തര്‍ സമിതി വൈസ് ചെയര്‍മാന്‍ ഡോ. ഹസന്‍ ഇബ്രാഹിം അല്‍ മുഹന്നദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഐക്യരാഷ്ട്രസഭ സംഘം തുടക്കം മുതല്‍ നിരന്തരമായ പോരാട്ടത്തിലാണ്. സാഹോദര്യത്തെയും സഹിഷ്ണുതയെയും സമാധാനത്തേയും സുരക്ഷയെയുമാണ് ഭീകരവാദം തകര്‍ക്കുന്നത്. ഏത് തരം ആക്രമണങ്ങളെയും തീവ്രവാദത്തെയും ഖത്തര്‍ ശക്തമായി എതിര്‍ക്കുകയാണ്. 
ഖത്തര്‍ അമീര്‍ ശൈഖ ്തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞതാണന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മതങ്ങള്‍ക്കിടയിലും സംസ്കാരങ്ങള്‍ക്കിടയിലും പരസ്പര സഹവര്‍ത്തിത്വവും ആരോഗ്യകരമായ സംവാദങ്ങളും  വളര്‍ത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും ഖത്തര്‍ നിരവധി സ്ഥാപനങ്ങളും സംഘടനകളും രൂപവല്‍കരിച്ചിട്ടുണ്ട്. 
ദോഹ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ഫൈത്ത് ഡയലോഗ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ള ഒരു സംരംഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള പരസ്പര അസഹിഷ്ണുത അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ സഹായത്തിനായി ഖത്തര്‍ 2014-2016 കാലയളവിലേക്കായി വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 

യൂറോപ്പിലെ മുസ്ലിംകളുടെ സംരക്ഷണത്തിനായും ഇസ്ലാമിന്‍െറ തത്വങ്ങള്‍ ആഴത്തില്‍ പഠിപ്പിക്കുന്നതിനുമായി 2014ല്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗില്‍ ഹമദ് ബിന്‍ ഖലീഫ സിവിലൈസേഷന്‍ സെന്‍റര്‍ സ്ഥാപിച്ചതായും പ്രസ്താവനയില്‍ അല്‍ മുഹന്നദി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.