പകര്‍ച്ചപ്പനി കുത്തിവെപ്പ് സ്വീകരിച്ചത് രണ്ട് ലക്ഷം പേര്‍

ദോഹ: പകര്‍ച്ചപ്പനി വൈറസുകളില്‍ നിന്ന് രക്ഷ നേടുന്നതിനായി സുപ്രീം ആരോഗ്യ കൗണ്‍സിലിന്‍െറ കീഴില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സക്കെതിരെ ഇതുവരെ രണ്ട് ലക്ഷമാളുകള്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തതായി എസ്.സി.എച്ച് ഭരണകാര്യതലവന്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. 
ആരോഗ്യമേഖലയില്‍ രാജ്യം വ്യക്തമായ നേട്ടമാണ് കൊയ്തിരിക്കുന്നതെന്നും പ്രത്യേക ആരോഗ്യ നയം നടപ്പിലാക്കുന്നതില്‍ പൊതുജനാരോഗ്യ വകുപ്പടക്കമുള്ളവര്‍ വിജയം കണ്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 
പൊതുജനാരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതി അതിന്‍െറ പൂര്‍ണഘട്ടത്തിലാണെന്നും 80ശതമാനം പൂര്‍ത്തിയായതായും ഡോ. മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. അടിയന്തിര മെഡിസിന്‍ വിഭാഗവും ജനറല്‍ ഹെല്‍ത്ത് സര്‍വീസ് വിഭാഗവും തമ്മിലുള്ള ബന്ധം രാജ്യത്തെ ആരോഗ്യമേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ പരിരക്ഷയും ശുശ്രൂഷയും എത്തിക്കുന്നതില്‍ ഈ ബന്ധം സഹായകരമായിട്ടുണ്ട്. ഈ സേവനങ്ങള്‍ നല്‍കുന്നതിന്‍െറ ഭാഗമായി രാജ്യത്തെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളെയും ഒരുക്കിയതായും 2022ലെ ലോകകപ്പിന് ഇവരുടെ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകട മരണങ്ങള്‍ കുറഞ്ഞതും ആരോഗ്യമേഖലയിലെ പ്രധാന നേട്ടമാണെന്നും ആയിരത്തില്‍ എട്ട് പേര്‍ക്ക് മാത്രമാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. മുമ്പ് ഇത് ആയിരത്തില്‍ 26 ആയിരുന്നുവെന്നും, ഇങ്ങനെ കുറച്ചുകൊണ്ടുവന്നത് മഹത്തായ നേട്ടമാണെന്നും ഡോ. ആല്‍ഥാനി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.