പുതിയ തൊഴില്‍ നിയമം: പ്രാരംഭ നടപടികള്‍ തുടങ്ങി

ദോഹ: വിദേശ തൊഴിലാളികളുടെ കുടിയേറ്റവും താമസവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്‍െറ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി വിദേശ തൊഴിലാളികളുടെ എക്സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാര സമിതി രൂപവല്‍കരിക്കാനുളള ആഭ്യന്തര മന്ത്രാലയത്തിന്‍െറ കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി.  
പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പുതിയ കമ്മിറ്റിയും പ്രവര്‍ത്തന സജ്ജമാകും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പുതിയ തൊഴില്‍ നിയമമനുസരിച്ച് ആഭ്യന്തര മന്ത്രാലയമാണ് വിദേശ തൊഴിലാളികള്‍ക്ക് ഖത്തറില്‍ നിന്ന് പുറത്തുപോകുന്നതിന് ആവശ്യമായ എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കുക. സാധാരണ ഗതിയില്‍ അപേക്ഷ നല്‍കി മൂന്ന് ദിവസത്തിനുളളില്‍ എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും. എന്നാല്‍ തൊഴിലാളി പുറത്തുപോകുന്നതില്‍ തൊഴില്‍ ദാതാവിന് പരാതിയുണ്ടെങ്കില്‍ ഈ കാലയളവില്‍  മന്ത്രാലയത്തെ അറിയിക്കാം. തൊഴില്‍ ദാതാവിനും തൊഴിലാളിക്കും ഇടയില്‍ ഉണ്ടാവുന്ന ഇത്തരം തര്‍ക്കങ്ങള്‍ പരിപഹരിക്കുക എന്നതാണ് തര്‍ക്ക പരിഹാര സമിതിയുടെ ഉത്തരവാദിത്തം. എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപവല്‍കരിക്കണമെന്ന് പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വ്യവസ്ഥയുണ്ട്്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി ആയിരിക്കും സമിതിയുടെ അധ്യക്ഷന്‍. വിദേശികളുടെ രാജ്യത്തേക്കുള്ള വരവും താമസവും തിരിച്ച് പോക്കുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള രണ്ട് പേര്‍ സമിതിയില്‍ അംഗങ്ങളുമായിരിക്കും. 
തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട് തൊഴിലാളിക്കും സ്പോണ്‍സര്‍ക്കുമിടയിലെ ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഗ്രാമങ്ങളിലെ സേവനം സംബന്ധിച്ച ഉപദേശക സമിതിയുടെ ശിപാര്‍ശയും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ശിപാര്‍ശ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറാന്‍ തീരുമാനിച്ചു. വിദേശത്ത് നിന്ന്  ജീവനക്കാരെയും തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാനുള്ള സമിതി രൂപവല്‍കരിക്കുന്നതിനുള്ള നിയമത്തിലെ ഭേദഗതികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും തൊഴിലാളികളെ നിയമിക്കുന്നതിന് സമിതിയുടെ അംഗീകാരം ആവശ്യപ്പെടുന്നതാണ് നിയമം. 
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയ ഖത്തര്‍ തൊഴില്‍ നിയമം ഡിസംബര്‍ 14 മുതല്‍ ഖത്തറില്‍ നിലവില്‍ വരുനിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ഒക്ടോബര്‍ 27ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയ നിയമം ഡിസംബര്‍ 13 നാണ് ഖത്തര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. 
ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെയാണ് നിയമം നടപ്പിലാകുകയെന്ന് പുതിയ നിയമത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കുന്ന നിയമം വിദേശ തൊഴിലാളികളുടെ നിരവധി അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.