നാലാമത് പ്രവാസി കായികമേളക്ക്  വര്‍ണാഭമായ തുടക്കം

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നാഷണല്‍ സ്പോര്‍ട്സ് ഡേ അതോറിറ്റിയുടെ അംഗീകാരമുള്ള ഒൗദ്യോഗിക പരിപാടികളുടെ ഭാഗമായി യൂത്ത് ഫോറം സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി കായികമേള വക്റ ബര്‍വ വില്ളേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ ആരംഭിച്ചു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ആദില്‍ അലി അല്‍ യാഫീഇ കായിക മേളയുടെ പതാക ഉയര്‍ത്തി. കായികമേളയുടെ രക്ഷാധികാരി അബ്ദുല്‍ വാഹിദ് നദ്വി, മുഖ്യപ്രായോജകരായ ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍ ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ്, യൂത്ത് ഫോറം പ്രസിഡന്‍റ് എസ്.എ. ഫിറോസ്, എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ്റഹ്മാന്‍ കിഴിശ്ശേരി, സംഘാടക സമിതി വൈസ്ചെയര്‍മാന്‍മാരായ എച്ച്. അബ്ദുറഹ്മാന്‍, സലീല്‍ ഇബ്രാഹീം, യൂത്ത്ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിലാല്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശിഹാബ് തുടങ്ങിയവര്‍ ചേര്‍ന്ന് മേളയുടെ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.  
ഖത്തറിലെ വിവിധ സംഘടനകളെയും ജില്ലാ അസോസിയേഷനുകളെയും പ്രതിനിധീകരിച്ച് 16 ടീമുകളാണ് മേളയില്‍ മാറ്റുരക്കുന്നത്. ഷട്ടില്‍ ബാഡ്മിന്‍റണ്‍ ഡബിള്‍സ്, കമ്പവലി, പഞ്ചഗുസ്തി തുടങ്ങിയ ഗെയിംസ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ ഉദ്ഘാടനത്തിനു ശേഷം അരങ്ങേറി. വിവിധ കലാസാംസ്കാരിക പ്രകടനങ്ങളുടെ അകമ്പടിയോടെ ടീമുകളുടെ മാര്‍ച്ച് പാസ്റ്റും ട്രാക്ക് ആന്‍റ് ഫീല്‍ഡ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളുടെ സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും ഫെബ്രുവരി 12ന് വെള്ളിയാഴ്ച ദഫ്നയിലെ ഖത്തര്‍ സ്പോര്‍ട്സ് ക്ളബിലാണ് നടക്കുക. 
40 വയസിന് മുകളിലുള്ളവര്‍ക്കായി 800 മീറ്റര്‍ ഓട്ടത്തിലും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 4x100 മീറ്റര്‍ റിലേയില്‍ പ്രത്യേക മത്സരങ്ങളും അന്ന് നടക്കും. വൈകുന്നേരം ഖത്തര്‍ സ്പോര്‍സ് ക്ളബ് ഗ്രൗണ്ടില്‍ നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും. ആദ്യ മൂന്ന് സ്ഥാനക്കാരായ മത്സരാര്‍ഥികള്‍ക്ക് മെഡലുകളും സര്‍ട്ടി ഫിക്കറ്റുകളും നല്‍കും. ഗ്രൂപ്പ് ഇനങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍, ഓവറോള്‍ ചാമ്പ്യന്‍ എന്നിവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും. കൂടാതെ മികച്ച മാര്‍ച്ച് പാസ്റ്റ്, മികച്ച ടീം മാനേജര്‍, ഏറ്റവും അച്ചടക്കമുള്ള ടീം എന്നിവക്ക് പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. 
വ്യക്തിഗത ഇനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന കായിക താരത്തെ മേളയുടെ താരമായി പ്രഖ്യാപിക്കുകയും ട്രോഫി സമ്മാനിക്കുകയും ചെയ്യും. സമാപന ചടങ്ങില്‍ ഖത്തര്‍ ചാരിറ്റി, യുവജന കായിക മന്ത്രാലയം തുടങ്ങിയ സര്‍ക്കാര്‍ സര്‍ക്കാറിതര സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.