മിയ പാര്‍ക്കിലെ ശനിയാഴ്ച ആഗോള ചന്ത

ദോഹ: ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്കിന് ചുറ്റുമുള്ള പുല്‍ത്തകിടി ശനിയാഴ്ചകളില്‍ ഒരു ആഗോള ചന്തയായി മാറും. ഏഷ്യന്‍, ആഫ്രിക്കന്‍, അമേരിക്കന്‍ എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലാതെ ലോകത്തിന്‍െറ നാനാഭാഗത്ത് നിന്നുമുള്ളവര്‍ അണിനിരക്കുന്ന വിപണി. വിവിധ രാജ്യക്കാരായ പ്രവാസികള്‍ അവരുടെ പാരമ്പര്യ വിഭവങ്ങളുമായാണ് മിയ പാര്‍ക്ക് ബസാറിലെ പുല്‍ത്തകിടിയില്‍ എത്തുന്നത്. കച്ചവടക്കാരുടെ വൈവിധ്യം സാധനങ്ങള്‍ വാങ്ങാനത്തെുന്നവരിലും വില്‍പന മേശകളിലെ ഉല്‍പന്നങ്ങളിലും കാണാം. വിവിധ നാടുകളിലെ രുചിയും ഗന്ധവും പരത്തുന്ന തനതുവിഭവങ്ങള്‍ മുതല്‍ കരകൗശല വസ്തുക്കളും മനോഹരമായ പെയിന്‍റിങ്ങുകളും ഇവിടെ വിലകൊടുത്തുവാങ്ങാം. മലയാളി വീട്ടമ്മമാരടക്കം ഇന്ത്യന്‍ പ്രവാസികളും സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ ഉല്‍പന്നങ്ങളുമായി ആഴ്ച തോറും ഇവിടെയത്തൊറുണ്ട്. 
ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം അധികൃതര്‍ തന്നെയാണ് ആഗോളവിപണിയെന്ന ഈ ആശയം യാഥാര്‍ഥ്യമാക്കിയത്. എല്ലാ ശനിയാഴ്ചകളിലും 150ഓളം സ്റ്റാളുകളാണ് ഇവിടെ ഉയരാറുള്ളത്. കമ്പിളി നൂലുകള്‍കൊണ്ട് തുന്നിയുണ്ടാക്കുന്ന ക്രോഷറ്റ് ഉല്‍പന്നങ്ങളും ചണനാരുകള്‍ കൊണ്ട് നിര്‍മിച്ച  പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളും മുതല്‍ ക്വില്ലിംഗ് ആര്‍ട്ട് എന്ന പേപ്പര്‍ ജുവലറികള്‍ വരെ ഇന്ത്യക്കാരുടെ സ്റ്റാളുകളിലുണ്ട്. സാംസ്കാരിക വൈവിധ്യങ്ങളുടെ ഇന്ത്യന്‍ പൈതൃകത്തെ ഓര്‍മിപ്പിക്കുന്ന വര്‍ണ വസ്ത്രങ്ങളും തുന്നല്‍പ്പണികളുമായി ഗുജറാത്തികളും രാജസ്ഥാനികളുമെല്ലാം മിയാപാര്‍ക്ക് ബസാറിലെ സ്ഥിര സാന്നിധ്യമാണ്. നമ്മുടെ അയല്‍ നാട്ടുകാരായ പാകിസ്താനികളും ബംഗ്ളാദേശികളും ശ്രീലങ്കക്കാരും നേപ്പാളികളുമെല്ലാം അവരവരുടെ തനത് വിഭവങ്ങളുമായി ഈ ചന്തയിലത്തെുന്നു. ആവശ്യക്കാരായും സന്ദര്‍ശകരായും ഇവിടെയത്തെുന്നവര്‍ക്ക് ഈ വൈവിധ്യം വേറിട്ട അനുഭവം സമ്മാനിക്കും. രാജ്യത്തെ പ്രധാന സൂഖുകളില്‍ പോലും കിട്ടാത്ത ഒട്ടേറെ വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്നുവെന്നതാണ് മിയാപാര്‍ക്ക് ബസാറിന്‍െറ സവിശേഷത.
തൃശൂര്‍ സ്വദേശിനി ജെസ്സി ഷാനവാസ്, തൃശൂര്‍ പാടൂരില്‍ നിന്നുള്ള ഷീജ, മുല്ലക്കര സ്വദേശിനി ഷാബി എന്നിവര്‍ മിയ ബസാറില്‍ സ്റ്റാളുമായി സ്ഥിരം എത്താറുണ്ട്. ഇവരെ സഹായിക്കാനായി ഭര്‍ത്താക്കന്‍മാരായ ഷാനവാസ്, ഹനീഫ, സിറാജ് എന്നിവരുമുണ്ട്. സ്വന്തമായി ഡിസൈന്‍ ചെയ്യുന്ന ടെറകോട്ട ആഭരണങ്ങളാണ് ജെസ്സിയുടെ പ്രത്യേക ഇനം. വിവിധ രാജ്യക്കാരായ പ്രവാസി വീട്ടമ്മമാര്‍ തന്നെയാണ് ഈ ബസാറിലെ സ്റ്റാളുകളധികവും സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ ആഴ്ചയും ബസാറിന്‍െറ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഇവിടെ വ്യാപാരത്തിന് അവസരം ലഭിക്കുന്നത്. എല്ലാ ആഴ്ചയും 150ഓളം പേര്‍ക്കാണ് അവസരം. സ്വന്തമായി ഉല്‍പാദനം നടത്തുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കുമാണ് മുന്‍ഗണന. വാടകയൊന്നും ഈടാക്കുന്നില്ളെന്ന് മാത്രമല്ല, ഒരു മേശയും രണ്ട് കസേരകളും മ്യൂസിയം അധികൃതര്‍ ഇവര്‍ക്ക് നല്‍കുകയും ചെയ്യും. പ്രവാസ ലോകത്ത് തങ്ങളുടെ തനത് വിഭവങ്ങള്‍ പരിപചയപ്പെടുത്തുന്നതോടൊപ്പം ചെറിയ തോതിലെങ്കിലും വരുമാനം നേടാനുള്ള അവസരം കൂടിയാണ് അധികൃതര്‍ പ്രവാസികള്‍ക്ക് സമ്മാനിക്കുന്നത്.
ഒരു വര്‍ഷത്തിലധികമായി ആഴ്ച തോറും മിയ ബസാറില്‍ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. 2014 ഒക്ടോബറിലാണ് മിയ ബസാറിന്‍െറ തുടക്കം. ശനിയാഴ്ചകളില്‍ ഉച്ചക്ക് 12 മണിമുതല്‍ രാത്രി ഏഴ് മണിവരെയാണ് ഇവിടം സജീവമാകുക. സ്വദേശികളും പ്രവാസികളും ഒരു പോലെയത്തെുന്ന ചന്തയില്‍ മിതമായ വിലയില്‍ മെച്ചപ്പെട്ട വിഭവങ്ങള്‍ ലഭ്യമാകുന്നുവെന്ന സവിശേഷതയുമുണ്ട്. വാരാന്ത്യത്തില്‍ സമയം ചെലവഴിക്കാനത്തെുന്നവരും സാധനങ്ങള്‍ സ്വന്തമാക്കാനത്തെുന്നവരുമായി നല്ളൊരു ജനക്കൂട്ടത്തെ ഇവിടെ കാണാം. കെനിയ, താന്‍സാനിയ, എത്യോപ്യ തുടങ്ങി വിവിധ ആഫ്രിക്കന്‍ നാടുകളില്‍ നിന്നുള്ളവര്‍ ഒരുക്കിയ സ്റ്റാളുകളില്‍ നമുക്ക് പരിചയമില്ലാത്ത ഭക്ഷ്യവിഭവങ്ങളും തനത് പ്രകൃതി വിഭവങ്ങളും കാണാനാവും. വ്യത്യസ്തമായ കലാ സൃഷ്ടികള്‍ മുതല്‍ പലതരം ആഭരണങ്ങളും ഉടയാടകളും വരെ സ്റ്റാളുകളുടെ അലങ്കാരമാണ്. അറബികള്‍ക്ക് പരിചിതമായ വിഭവങ്ങള്‍ക്കൊപ്പം തനത് പാരമ്പര്യ വസ്തുക്കളുടെ വിപണനം കൂടി ലക്ഷ്യമിട്ടാണ് യെമന്‍, ഈജിപിത്, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ചന്തയുടെ ഭാഗമാവുന്നത്. കാനഡ, അമേരിക്ക, ഇറ്റലി, ജര്‍മനി, ആസ്ട്രേലിയ, ആസ്ട്രിയ, ചിലി, ദക്ഷിണാഫ്രിക്ക തുടങ്ങിയവ രാജ്യങ്ങളില്‍ നിന്നുള്ളവരെല്ലാം ഇവിടെ വ്യാപാരികളായുണ്ട്. മുള ഇലകളില്‍ തീര്‍ത്ത തൊപ്പിയും മറ്റു കൗതുക വസ്തുക്കളുമായി വിയറ്റ്നാംകാരും തനതുവിഭവങ്ങളും ആഭരണങ്ങളുമായി ഇന്തോനേഷ്യക്കാരും മലേഷ്യക്കാരും ഈ ചന്തയില്‍ സജീവമാണ്. ചുരുക്കത്തില്‍ ലോകത്തിന്‍െറ  ചെറുപതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന മിയ പാര്‍ക്ക് ബസാര്‍ സന്ദര്‍ശകര്‍ക്ക് വിസ്മയക്കാഴ്ചകള്‍ നല്‍കും. വിഭവങ്ങള്‍ മാത്രമല്ല സാംസ്കാരങ്ങള്‍ കൂടിയാണ് ഇവിടെ പരസ്പരം കൈമാറുന്നത്. വിവിധ രാജ്യക്കാര്‍ ഇത്രയേറെ വൈവിധ്യത്തോടെ ഇടപഴകുന്ന ഇടം ഖത്തറില്‍ മറ്റെവിടെയും കാണാനാവില്ല. പല രാജ്യക്കാരും സന്ദര്‍ശകരായത്തെുന്ന ഈ ബസാറില്‍ പക്ഷെ, മലയാളികള്‍ മാത്രം കാര്യമായി എത്തിനോക്കുന്നില്ളെന്ന പരാതിയാണ് മലയാളി കച്ചവടക്കാര്‍ക്കുള്ളത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.