അല്‍ മിഅ്സാബ് മരുഭൂ ക്യാമ്പ് ഇന്ന് സമാപിക്കും

ദോഹ: കൗമാരക്കാരില്‍ ധാര്‍മികബോധം വളര്‍ത്താനും മത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാനുമായി ഖത്തര്‍ അല്‍ ഗന്നാസ് സൊസൈറ്റി മരുഭൂമിയില്‍ സംഘടിപ്പിക്കുന്ന അല്‍ മിഅ്സാബ് ക്യാമ്പ് ഇന്ന് അവസാനിക്കും. മിസഈദ് സീലൈനില്‍ മര്‍മി ഫാല്‍ക്കണ്‍ ഫെസ്റ്റിവല്‍ നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് ക്യാമ്പ് സജ്ജീകരിച്ചത്. 12നും 14നും ഇടയില്‍ പ്രായമുള്ള 22 സ്വദേശി കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പ്രഭാത പ്രാര്‍ഥനക്ക് ശേഷം ശൈഖ് മുഹമ്മദ് അല്‍ ദൂസരിയുടെ കൂടെയുള്ള പ്രത്യേക മതപഠന ക്ളാസ് ക്യാമ്പിലുള്ളവര്‍ക്കായി സൂര്യോദയം വരെ നടക്കും. തുടര്‍ന്ന് നാല് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പരിശീലനങ്ങള്‍ നല്‍കും. ഒട്ടക യാത്ര, കുതിരസവാരി, പക്ഷികളുടെ കൂടെയുള്ള സഹവാസം തുടങ്ങി നാല് ഗ്രൂപ്പുകളിലേക്കാണ് ക്യാമ്പംഗങ്ങളെ വിടുക. ഇത് സന്ധ്യ വരെ തുടരും. തുടര്‍ന്ന് മതപഠന ക്ളാസിന്‍െറ രണ്ടാംഘട്ടം ആരംഭിക്കും. അതിന് ശേഷം വിവിധ കഥകള്‍ ക്യാമ്പംഗങ്ങളെ കേള്‍പ്പിക്കുകയും ചെയ്യും. മികച്ച  പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും വിതരണം ചെയ്യും. 
പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ക്യാമ്പ് ആരംഭിച്ചതെന്ന് സൂപ്പര്‍വൈസര്‍ മുത്അബ് അല്‍ ഖഹ്താനി പറഞ്ഞു. ഇസ്ലാമിക പാഠങ്ങള്‍ പഠിപ്പിക്കുകയുമാണ് അല്‍ മിഅ്സാബിന്‍െറ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളിഷ്ടപ്പെടുന്ന ഹോബികള്‍ പരിശീലിപ്പിക്കുകയും വേട്ടയാടുന്നത് പഠിപ്പിക്കുകയും ചെയ്യും. പൂര്‍വപിതാക്കള്‍ ജീവിച്ചുവന്ന ജീവിതരീതികളും മരുഭൂവാസവും വരുംതലമുറയെ പഠിപ്പിക്കുകയും അതിന്‍െറ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്ന് കൊടുക്കലുമാണ് ക്യാമ്പിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ അല്‍ ഗന്നാസ് സൊസൈറ്റിക്കൊപ്പം നൂമാസ് സെന്‍ററും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.