പുതിയ അംബാസഡറുടെ നിയമനം: സ്വാഗതമോതി ഇന്ത്യന്‍ സമൂഹം

ദോഹ: ഖത്തറിലെ അംബാസഡര്‍ സജ്ഞീവ് അറോറയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ അംബാഡറായി പെരിയസാമി കുമരനെ നിയമിച്ചുക്കൊണ്ടുള്ള ഉത്തരവിനെ സ്വാഗതമോതി ഇന്ത്യന്‍ സമൂഹം. സജ്ഞീവ് അറോറ തുടരുന്നതും തുടക്കം കുറിച്ചതുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ഇന്ത്യന്‍ സമൂഹത്തിനായി ഊര്‍ജിതമായ  പുതിയ നടപടികള്‍ സ്വീകരിക്കാനും പുതിയ സ്ഥാനപതിക്ക് കഴിയട്ടെയെന്ന പ്രതീക്ഷകളും ഇന്ത്യന്‍ പ്രവാസി സംഘടനകളില്‍ നിന്നും ഉയരുകയാണ്.
നിലവിലെ അംബാസഡര്‍ സഞ്ജീവ് അറോറ കാലാവധി പൂര്‍ത്തിയാക്കിയാണ്   പദവിയില്‍ നിന്നും പടിയിറങ്ങുന്നത്. ഇന്ത്യന്‍-ഖത്തര്‍ നയതന്ത്ര മേഖലയിലെ സൗഹാര്‍ദത്തിന്  ഈ കാലത്തിനുള്ളില്‍ സഞ്ജീവ് അറോറ വഹിച്ച പങ്കും പ്രാധാന്യമുള്ളതായിരുന്നു. അതില്‍ ഏറ്റവും പ്രധാനം ഇന്ത്യക്ക് പ്രതിവര്‍ഷം  4,000 കോടി രൂപ ലാഭം നേടിക്കൊടുത്ത പുതിയ പ്രകൃതിവാതക കരാര്‍ ആയിരുന്നു.  ദ്രവീകൃത പ്രകൃതി വാതക കരാറനുസരിച്ച് ഇന്ത്യക്ക് ഖത്തറില്‍ നിന്ന് നിശ്ചിത അളവില്‍ വാതകം വാങ്ങേണ്ടി വന്നിരുന്നു. ഇന്ത്യ  ഏറ്റവും കൂടുതല്‍ എന്നാല്‍ പ്രകൃതി വാതകം വാങ്ങുന്നതും ഖത്തറില്‍ നിന്നായിരുന്നു. വിപണിയില്‍ ഈ വിലയില്‍ നിന്നും താഴെയായി വാതകം കിട്ടിയപ്പോള്‍ ഖത്തറില്‍നിന്നും കരാര്‍ അടിസ്ഥാനത്തിലുള്ള വാതകം വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയായാല്‍ നഷ്ടപരിഹാരം ഇന്ത്യ കൊടുക്കണം എന്നതായിരുന്നു കരാറിലെ വ്യവസ്ഥ.

ഖത്തറിലെ ഇന്ത്യന്‍ എംബസി
 

ഈ കാരണത്താല്‍ ഇന്ത്യക്കുമേല്‍ ചുമത്തപ്പെട്ടത് 12,000 കോടി രൂപയാണ്. ഇത്രയും വലിയ തുക ഇന്ത്യക്ക് ഇളവ് ചെയ്ത് കൊടുക്കാനുള്ള സൗഹൃദബോധം  ഖത്തര്‍ എടുത്തിരുന്നു. ഇതിന്‍െറ ഇടനിലക്കാരനായതും പുതുക്കിയ ദ്രവീകൃത പ്രകൃതി വാതക കരാര്‍ കൊണ്ടുവരാനും കഴിഞ്ഞതിലെ പ്രധാന റോള്‍ വഹിച്ചതും  സഞ്ജീവ് അറോറയായിരുന്നു. ഖത്തര്‍ അമീറിന്‍െറ ഇന്ത്യാ സന്ദര്‍ശനും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനവും ഒക്കെ നടന്നപ്പോള്‍ ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കാന്‍ കഴിഞ്ഞതിലും അറോറയുടെ  ഇടപെടലുകള്‍ ഉണ്ടായിരുന്നു. അതേസമയം സഞ്ജീവ് അറോറക്കെതിരെ  അടുത്തിടെ ‘എക്കണോമിക്സ് ടൈംസ്’ പ്രസിദ്ധീകരിച്ച അഴിമതി ആരോപണം ചര്‍ച്ചയുമായിരുന്നു. അമേരിക്കയിലെ ഹൂസ്റ്റുണില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലായി സേവനമനുഷ്ടിച്ചിരുന്ന കാലത്തുള്ള ചില കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്  ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്ന് കാട്ടി അദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു.
ഇപ്പോള്‍ നിയുക്ത അംബാസഡര്‍ ഖത്തറില്‍ ചാര്‍ജെടുക്കാനായി എത്തുമ്പോള്‍, കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് എന്നതും പ്രത്യേകതയാണ്. ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രവാസികള്‍ക്ക് ഏറെ സഹായകമായി ഇടപെടുവാന്‍ എംബസി ശ്രമിക്കേണ്ട കാലംകൂടിയാണ് വരുന്ന മൂന്ന് മാസത്തെ പൊതുമാപ്പ് കാലം. പുതിയ അംബാഡര്‍ക്ക് അതിന് കഴിയുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവില്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ ജോയിന്‍്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ് പി കുമാരന്‍.

1992 ബാച്ചിലെ ഐഎഫ്എസ് ഓഫിസറാണ്. ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ തേര്‍ഡ് സെക്രട്ടറിയായായിരുന്നു ആദ്യത്തെ നിയമനം. ബംഗളൂരിവില്‍ റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസറായും ജോലി നോക്കിയിട്ടുണ്ട്.  അദ്ദേഹം കൊളമ്പോ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.  കെയ്റോ, ട്രിപ്പോളി, ബ്രസ്ലെ, ഇസ്ലാമാബാദ്, വാഷിംഗ്ടണ്‍ എന്നീ വിദേശ നഗരങ്ങളിലും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇതാദ്യമായാണ് അംബാസിഡറാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.