ദോഹ: ബലി പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാ പരിപാടികളൊരുക്കി ഖത്തര്‍ ടൂറിസം അതോറിറ്റി. ‘ഉല്ലാസം നുകരൂ’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ ഈദുല്‍ അദ്ഹ പരിപാടികള്‍ തയാറാക്കിയിട്ടുള്ളത്. ഖത്തറിലുടനീളം സ്വകാര്യ മേഖലയുമായി കൈകോര്‍ത്താണ് ഒരാഴ്ച നീളുന്ന പരിപാടികള്‍ നടത്തുക.
ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളില്‍ വൈവിധ്യവും സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പുവരുത്തുകയെന്നത് ഖത്തര്‍ ടൂറിസം വകുപ്പിന്‍െറ നയപരിപാടികളിലൊന്നാണ്.
വിവിധ കായിക കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ബലി പെരുന്നാള്‍ ദിവസത്തോടെ തുടക്കമാകുന്ന പരിപാടികള്‍ നടക്കുക. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, അബൂ സമ്റ അതിര്‍ത്തി തുടങ്ങിയയിടങ്ങളില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളെ വരവേല്‍ക്കാനുള്ള പദ്ധതികളും ഒരുക്കുന്നുണ്ട്. പെരുന്നാള്‍ സമ്മാനങ്ങളും പരിപാടികളെക്കുറിച്ചുള്ള ലഘുപുസ്തകങ്ങളും വിതരണം ചെയ്തായിരിക്കും വിനോദ സഞ്ചാരികളെ സ്വീകരിക്കുക.
വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെയായിരിക്കും പരിപാടികള്‍. കുട്ടികള്‍ക്കായൊരുക്കിയ വിനോദ പരിപാടികളായ ടാര്‍സന്‍ (സിറ്റി സെന്‍റര്‍), ബ്യൂട്ടി ആന്‍റ് ദ ബീസ്റ്റ് (ദാര്‍ അല്‍ സലാം മാള്‍), ഫൈ്ളയിങ് സൂപ്പര്‍ കിഡ്സ് (അല്‍ ഖോര്‍ മാള്‍), ആല്‍വിന്‍ ആന്‍റ് ദ ചിപ്മങ്ക്സ് (എസ്ദാന്‍ മാള്‍), പൈറേറ്റ് ഫ്രം ദ കരീബിയന്‍ (ലഗൂണ മാള്‍), സിന്ദ്ബാദ് ആന്‍റ് സെയിലര്‍ (അറബി ഭാഷയില്‍ -ഹയാത്ത് പ്ളാസ) എന്നീ വേദികളില്‍ അരങ്ങേറും. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അരങ്ങേറുന്ന ‘ഫഫ സേവസ്സ് ദ ഫോറസ്റ്റ്’ എന്ന അവതരണം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 150 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന സമ്മര്‍ ഫെസ്റ്റിവലിനോട് ചേര്‍ത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്. ആഘോഷ പരിപാടികള്‍ അവധി ആഘോഷിക്കാന്‍ പുറം രാജ്യങ്ങളിലേക്ക് പോകാത്തവര്‍ക്ക് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.