വ്യാപാര സ്ഥാപനങ്ങളിലെ വാടക നിരക്ക് കുറയുന്നു

ദോഹ: വ്യാപാര സ്ഥാപനങ്ങളിലെയും വാണിജ്യകേന്ദ്രങ്ങളിലെയും വാടക നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഷോപ്പിങ് മാളുകളിലെ വാടക നിരക്കില്‍ 30 ശതമാനത്തിന്‍െറ കുറവ് സംഭവിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സ്ഥല ലഭ്യത കൂടിയതാണ് വാടകനിരക്ക് ഇടിയാനും ഷോപ്പുടമകളെ ആകര്‍ഷിക്കാന്‍ ഈരംഗത്ത് മല്‍സരത്തിനും ഇടയാക്കിയത്. ഓഫീസോ കടകളോ തുറക്കുന്നവര്‍ക്കായി വിവിധ സൗജന്യങ്ങളും ഷോപ്പിങ് കോംപ്ളക്സ് ഉടമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുമാസത്തെ വാടക സൗജന്യമായി നല്‍കിയും, വാടക നല്‍കുന്നതില്‍ മൂന്നുമാസത്തെ അവധി നീട്ടി നല്‍കിയുമാണ് ചിലര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വിലനിലവാരവും ചതുരശ്രയടിക്കുള്ള തറവാടകയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കഴിഞ്ഞകാലളങ്ങളിലായി വാടക കൂടുന്ന മുറക്ക് ഉല്‍പന്നങ്ങളുടെ വിലകളിലും വര്‍ധന അനുഭവപ്പെട്ടിരുന്നു. കൂടുതല്‍ വാണിജ്യസമുച്ചയങ്ങള്‍ ഉയരുന്നതോടെ കെട്ടിടങ്ങള്‍ പാട്ടത്തിനു കൊടുക്കുന്ന സംഖ്യയിലും കുറവുവന്നിട്ടുണ്ട്.  ഇതാകട്ടെ പണപ്പെരുപ്പ നിരക്കിനും ഇടയാക്കീട്ടുണ്ട്. 2 ശതമാനം മുതല്‍ 2.5 ശതമാനം വരെ പണപ്പെരുപ്പ നിരക്ക്  ശരാശരിയില്‍ നീങ്ങുന്നതായാണ് റിയല്‍എസ്റ്റേറ്റ് രംഗത്തുള്ളവര്‍ നിരീക്ഷിക്കുന്നത്. വാടക വര്‍ധന  ഇടത്തരം വ്യവസായികള്‍ക്കും വലിയ കച്ചവടക്കാര്‍ക്കും വിലങ്ങുതടിയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇപ്പോഴത്തെ അന്തരീക്ഷം ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, രാജ്യത്തെ കണ്ണായ സ്ഥലങ്ങളിലെ വ്യാപാര സമുച്ചയങ്ങളില്‍ വാടക ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്നതായി ഖത്തര്‍ സൊസൈറ്റി എഞ്ചിനീയേഴ്സ് ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ ജോലോ പത്രത്തോട് പറഞ്ഞു. 
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ വാണിജ്യ തെരുവുകളും വ്യാപാര കേന്ദ്രങ്ങളും സ്ഥാപിക്കാനായി മുനിസിപ്പല്‍ നഗരവികസന മന്ത്രാലയവുമായി സഹകരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നു. 
വ്യാപാര ടൂറിസംഉല്‍പാദന മേഖലയിലെല്ലാം വാടകനിരക്കിലെ കുറവിന്‍െറ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കുമെന്നും ജോലോ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.