പണം നല്‍കാതെ നാട്ടിലേക്ക് കടന്നതായി പരാതി

ദോഹ: ബിസിനസ് ആവശ്യത്തിന് ലക്ഷങ്ങളുടെ ചെക്ക് വാങ്ങി ബാധ്യത തീര്‍ക്കാതെ മലയാളി യുവാവ് നാട്ടിലേക്ക് കടന്നതായി പരാതി. പേരാമ്പ്ര ഊരള്ളൂര്‍ സ്വദേശി എറിയാനിക്കോട്ട് അന്‍ഷാദിനെതിരെ നാട്ടുകാരന്‍ തന്നെയായ കുഞ്ഞായി പള്ളിയത്ത് ആണ് ഖത്തറിലും നാട്ടിലും പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
2015 ജനുവരി മുതല്‍ രണ്ട് പാര്‍ട്ണര്‍മാരോടൊപ്പം ഖത്തറില്‍ പച്ചക്കറി ബിസിനസ് നടത്തിയ ഇയാള്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ചെക്കുകള്‍ നല്‍കി വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുകയും പണം അകൗണ്ടിലിടാതെ നാട്ടിലേക്ക് പോയെന്നുമാണ് പരാതി. കുഞ്ഞായി എന്ന അലി പള്ളിയത്തിന്‍െറ ഉടമസ്ഥതയിലുള്ള ജിയോ സൂപ്പര്‍മാര്‍ക്കറ്റിന്‍െറ പേരിലുള്ള ചെക്കുകളാണ് പച്ചക്കറികള്‍ വാങ്ങാനായി നല്‍കിയിരുന്നത്. അകൗണ്ടില്‍ സമയത്ത് തന്നെ പണം ഇടുമെന്ന വ്യവസ്ഥയിലാണ് ജിയോ ഗ്രൂപ്പിന്‍െറ 2.15 കോടി ഇന്ത്യന്‍ രൂപ മൂല്യം വരുന്ന ചെക്ക് ലീഫുകള്‍ നല്‍കിയതെന്ന് പരാതിക്കാരന്‍ പറഞ്ഞു. നാട്ടുകാരന്‍ എന്ന പരിഗണനയിലാണ് ബിസിനസ് നടത്താനുള്ള സഹായമെന്ന നിലക്ക് ചെക്ക് ലീഫുകള്‍ നല്‍കിയത്. ചെക്ക് വാങ്ങിയതിന് തെളിവായി പേരെഴുതി ഒപ്പിട്ട് നല്‍കിയ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. ഉടന്‍ തിരിച്ചുവരുമെന്ന് പറഞ്ഞ് നാട്ടിലേക്ക് പോയ അന്‍ഷാദ് പിന്നീട് ഒളിവില്‍ പോവുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി മുഖേന നോര്‍ക്ക റൂട്ട്സ് ഡെപ്യൂട്ടി സെക്രട്ടറിക്കും കോഴിക്കോട് റൂറല്‍ എസ്.പി, ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.
ചെക്ക് നല്‍കി അകൗണ്ടില്‍ പണമിടാത്തതിന് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിന്നുള്ള രണ്ടുപേരും ഇയാള്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. അന്‍ഷാദിനും പാര്‍ട്ണര്‍മാരായ ആസിഫ് പള്ളിയത്ത്, അശ്റഫ് എന്നിവര്‍ക്കുമെതിരെ നാട്ടില്‍ വടകര റൂറല്‍ എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ണര്‍മാര്‍ രണ്ടുപേരും ഇപ്പോള്‍ ഖത്തറിലുണ്ട്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്‍ഷാദിന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടുമുണ്ട്.
എന്നാല്‍, തന്‍െറ പേരിലുള്ളത് കെട്ടിച്ചമച്ച പരാതികളാണെന്ന് അന്‍ഷാദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിയോ സൂര്‍പ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചെക്കുകള്‍ ഉപയോഗിച്ച് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങുകയും മാളുകളിലും കടകളിലും നല്‍കുകയുമാണ് ചെയ്തിരുന്നത്. സാധനങ്ങള്‍ വിതരണം ചെയ്ത കടകളില്‍ നിന്ന് പേയ്മെന്‍റ് ലഭിച്ചിരുന്നത് ചെക്ക് ആയിട്ടാണെന്നും ഇത് നേരിട്ട് ജിയോ ഗ്രൂപ്പിന്‍െറ അകൗണ്ടിലേക്ക് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഇടപാടില്‍ ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത് നാട്ടില്‍ വെച്ച് മധ്യസ്ഥത പറഞ്ഞ് തീര്‍ക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, അതിന് തയാറാകാതിരുന്ന ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയും തന്നെയും പിതാവിനെയും പലതരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും അന്‍ഷാദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.