ദോഹ: രാജ്യത്തെ തുറമുഖങ്ങളിലെയും മറ്റു അതിര്‍ത്തികേന്ദ്രങ്ങളിലെയും കസ്റ്റംസ് ക്ളിയറന്‍സ് നടപടികള്‍ക്കായി ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ചരക്കുനീക്കം വേഗത്തിലാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജി.എ.സി) അറിയിച്ചു. ജി.എ.സി, ഖത്തര്‍ പോര്‍ട്ട്സ് മാനേജ്മെന്‍റ് (ക്യു.പി.എം) എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുള്ള ഏകജാലക സംവിധാനമായ അല്‍ നദീബ് -ക്ളിയറന്‍സ് നടപടികള്‍ക്ക് ആക്കം കൂട്ടിയതായും ഇതുവഴി 70 ശതമാനം സമയം ലാഭിക്കാന്‍ സാധിച്ചതായും ജി.എ.എസ് ഓപറേഷന്‍സ് ആന്‍റ് റിസ്ക് അനാലിസിസ് മാനേജര്‍ മുഹമ്മദ് അഹമ്മദ് അല്‍ മുഹന്നദി പറഞ്ഞു. സംവിധാനം പൂര്‍ണമായി ഉപയോഗിച്ചുതുടങ്ങുന്നതോടെ കൂടുതല്‍ സമയലാഭം സാധ്യമാവും.
ജി.എ.സി-ക്യു.പി.എം തുടങ്ങിയ വിഭാഗങ്ങള്‍ തമ്മില്‍ ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി കൈമാറിയാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. ക്ളിയറന്‍സുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും വേഗത്തിലും നടക്കുമെന്നതാണ് അല്‍ നദീബിന്‍െറ പ്രത്യേകത.
ചരക്കുകളുടെ ഇറക്കുമതിക്കായി ബന്ധപ്പെടേണ്ട മന്ത്രാലയങ്ങളെയെല്ലാം ഇലക്ട്രോണിക് സംവിധാനം വഴി ബന്ധപ്പെടാവുന്നതും അതത് മന്ത്രാലയങ്ങളില്‍ നിന്നും അനുമതികള്‍ ഓണ്‍ലൈന്‍ വഴി തന്നെ ലഭ്യമാക്കുകയും ചെയ്യാം. ക്ളിയറിങ് ഏജന്‍റുമാര്‍ക്കും ഏറെ ഗുണകരമാകുന്നതാണ് ‘അല്‍ നദീബ്’. തങ്ങളുടെ ചരക്കുകളും കണ്ടെയ്നറുകളും തുറമുഖങ്ങളില്‍ നിന്ന് മാറ്റാനാവാവശ്യമായ പ്രമാണങ്ങള്‍ സമര്‍പ്പിക്കാനും പുരോഗതി അറിയാനും ഇവര്‍ക്ക് കഴിയും. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് രേഖകള്‍, അന്താരാഷ്ട്ര ചരക്കുനീക്കത്തെ സംബന്ധിച്ച പ്രമാണങ്ങള്‍, മറ്റു രേഖകള്‍ എന്നിവ ഓണ്‍ലൈന്‍ വഴി പരസ്പരം കൈമാറണമെന്ന് വ്യവസ്ഥ ചെയ്യുന്ന ക്യോട്ടോ ഉടമ്പടി നടപ്പാക്കാനും ‘അല്‍ അദീബ്’ ഉപകാരപ്പെടുമെന്നതും സംവിധാനത്തിന്‍െറ മേന്മയാണ്. ചരക്കുകള്‍ ലോഡ് ചെയ്യുന്നത് മുതല്‍ ലക്ഷ്യസ്ഥാനംവരെയും -കസ്റ്റംസ് ക്ളിയറന്‍സ് കഴിഞ്ഞ് അവ പുറത്തിറങ്ങും വരെയുമുള്ള പുരോഗതി ഇതുമൂലം ഉടമക്ക് ലഭ്യമാക്കുന്നു.
ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം, ജനറല്‍ അതോറിറ്റി ഫോര്‍ സ്പെസിഫിക്കേഷന്‍ ആന്‍റ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍’ എന്നീ മന്ത്രാലയങ്ങളെല്ലാം ഈ പദ്ധതി കൂട്ടിയിണക്കുന്നുണ്ട്. അബൂസംറ അതിര്‍ത്തി വഴിയുള്ള ചരക്കുനീക്കത്തെയും സൗദി കസ്റ്റംസ് അതോറിറ്റിയെയും ബന്ധപ്പെടുത്തുന സംവിധാനവും നിലവിലുണ്ടെന്ന് അല്‍ മുഹന്നദി പറഞ്ഞു. വൈകാതെ മറ്റു മന്ത്രാലയങ്ങളെയും ഇതുമായി ബന്ധപ്പെടുത്താനാകും. ദോഹ തുറമുഖം വഴിയുള്ള ചരക്കുനീക്കം 69 ശതമാനം വര്‍ധിച്ചതായും പൊതു ചരക്കുകളുടെ വ്യാപാരം 380 ശതമാനം അധികരിച്ചതായും ദോഹ പോര്‍ട്ട് മാനേജ്മെന്‍റ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ യാഫീ പറഞ്ഞു.
ഇതിനു പുറമെ കാറുകള്‍, ചരക്കുകള്‍, വലിയ യന്ത്രസാമഗ്രികള്‍ എന്നിവയുടെ നീക്കവും അഞ്ചുവര്‍ഷത്തിനിടെ 106 ശതമാനം കൂടിയതായും അദ്ദേഹം പറഞ്ഞു. വൈകാതെ ഹമദ് പോര്‍ട്ട്, അല്‍ റുവൈസ് പോര്‍ട്ട് എന്നീ കേന്ദ്രങ്ങളിലേക്കും ഇ-ലിങ്ക് പ്രോജക്ട് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.