വൈദ്യുതി തിന്നുന്ന എ.സികള്‍ക്ക് നിരോധം:  ഊര്‍ജക്ഷമതയുള്ള  22 ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തു

ദോഹ: വൈദ്യുതി ലാഭിക്കാന്‍ സഹായകമാകുന്ന ഇനം ഊര്‍ജക്ഷമതയുള്ള എയര്‍കണ്ടീഷനറുകളുടെ 22 ബ്രാന്‍ഡുകള്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തു. 
കൂടുതല്‍ വൈദ്യുതി ആവശ്യമായിരുന്ന എയര്‍കണ്ടീഷനറുകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നതിന്‍െറ പശ്ചാത്തലത്തിലാണിത്. 
ഖത്തറിലെയും ജി.സി.സിയിലെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നയിനം ഊര്‍ജക്ഷമതയുള്ള എ.സികളുടെ ഇറക്കുമതിക്കായി 11 കമ്പനികളും മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
ജപ്പാന്‍, ചൈന, കൊറിയ, തായ്ലാന്‍റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നടക്കം പല കമ്പനികളുടെയും പ്രതിനിധികള്‍ ഇതിനോടകം മന്ത്രാലയത്തെ സമീപിച്ച് ഇറക്കുമതിക്കായുള്ള നടപടികള്‍ ആരാഞ്ഞിട്ടുണ്ടെന്ന് ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ക്യു.എസ്) അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന എ.സികളുടെ -ക്യു.എസ് അംഗീകരിച്ച പ്രഥമ മാതൃക മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് ഇറക്കുമതിക്കുള്ള കണ്‍ഫേര്‍മിറ്റി സര്‍ട്ടിഫിക്കറ്റ് ഓരോ കമ്പനിയുടെയും പ്രതിനിധികള്‍ ഒരു മാസം മുമ്പേ സമ്പാദിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതുപ്രകാരമായിരിക്കും ഓരോ കമ്പനിയുടെയും എയര്‍കണ്ടീഷനറുകള്‍ക്ക് വിവിധ ‘സ്റ്റാര്‍’ പദവികള്‍ നല്‍കുക. ഊര്‍ജക്ഷമതയുള്ള എ.സികള്‍ക്ക് പരമ്പരാഗത രീതിയിലുള്ള എ.സിയെക്കാള്‍ വിലക്കൂടുതലാണെങ്കിലും വൈദ്യുതി ലാഭിക്കുന്നതിലൂടെ ഈയിനത്തില്‍ പണം ലാഭിക്കാനാകും. രണ്ട് മോഡലുകള്‍ക്ക് ഇതിനോടകം ‘സിക്സ് സ്റ്റാര്‍’ പദവി ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.
എ.സികള്‍ക്ക് ‘ടി-3 & ടി-1’ ടെസ്റ്റിങ് കണ്ടീഷനില്‍ ഊര്‍ജക്ഷമത മണിക്കൂറില്‍ 8.5 ബി.ടി.യു എന്ന തോതില്‍നിന്നും കുറയാന്‍ പാടില്ളെന്ന വ്യവസ്ഥയുണ്ട്. കൂടാതെ ഇവ സിംഗിള്‍ ഫേസിന് 240 വോള്‍ട്ടും ത്രീ ഫേസിന് 415 വോള്‍ട്ടും എന്ന രീതിയിലുമായിരിക്കണം. 
ഫ്രീക്വന്‍സി 50 ഹേര്‍ട്സുമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. ക്യു.എസ് അംഗീകാരമുള്ള കരുത്തുറ്റ ഘടനയായിരിക്കണം എ.സികള്‍ക്ക്. 
നിര്‍മാതാക്കളുടെ ‘സ്റ്റാര്‍ പദവി’യും എ.സിയുടെ മുന്‍വശത്ത് പതിച്ചിരിക്കണം. ഖത്തരി സ്റ്റാന്‍ഡേര്‍ഡ് (ക്യു.എസ്.2663), ഗള്‍ഫ് ടെക്നിക്കല്‍ റെഗുലേഷന്‍ നമ്പര്‍ (ബി.ഡി 142004-01) തുടങ്ങിയ നിലവാരത്തിലുള്ളതാണെന്ന് തെളിയിക്കാനായി -ഐ.എസ്.ഒ 17025 അംഗീകാരമുള്ള ടെക്നിക്കല്‍ ലബോറട്ടറിയില്‍നിന്നുള്ള ടെസ്റ്റ് ഫലം മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിരിക്കണം. 
ഇത് ഐ.ഇ.സി.ഇ.ഇ. സി.ബി സ്കീം പ്രകാരമുള്ളതായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഈ നിര്‍ദേശങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന പരിശോധിച്ച ശേഷമാണ് മന്ത്രാലയം അംഗീകാരം കാണിക്കുന്ന ഊര്‍ജ ക്ഷമത ലേബല്‍ എല്ലാ അംഗീകൃത കമ്പനികള്‍ക്കും നല്‍കുക. ഈ ലേബലുകളുള്ള എ.സികള്‍ മാത്രമേ വില്‍പന നടത്താവൂവെന്നും മന്ത്രാലയത്തിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും  എല്ലാ വ്യാപാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.