വിമാനത്താവളം കൂടുതല്‍ ‘സ്മാര്‍ട്ടാ’വുന്നു

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കായി നൂതന സാങ്കേതിക സംവിധാനങ്ങള്‍ തയാറായി വരുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘സ്മാര്‍ട്ട് എയര്‍പോര്‍ട്ട്’ വിഭാഗത്തിലാകും ഇനി ഹമദ് ഇന്‍റര്‍നാഷനല്‍ വിമാനത്താവളം. 
പുതിയ സംവിധാനങ്ങളുടെ പ്രാരംഭ പരിശോധനകള്‍ നടക്കുകയാണെന്നും വൈകാതെ ഇത് യാത്രക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അല്‍ സുലൈത്തി തുടങ്ങിയവര്‍ ഹമദ് ഇന്‍റര്‍നാഷനല്‍ വിമാനത്താവളത്തിലെ പുതിയ സംവിധാനത്തിന്‍െറ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാനത്തെിയിരുന്നു. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എച്ച്.ഐ.എ ബദര്‍ മുഹമ്മദ് അല്‍ മീറാണ് പുതിയ സാങ്കേതിക സംവിധാനം ഇവര്‍ക്കായി പരിചയപ്പെടുത്തിയത്. 
ചെക്ക്-ഇന്‍, ബോര്‍ഡിങ് തുടങ്ങി ഓരോ ഘട്ടങ്ങളിലുമുള്ള സേവനങ്ങള്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ഇവിടെ ക്രമീകരിക്കുക. ഇതോടെ കാത്തിരിപ്പ് സമയം ഒഴിവാക്കാനും യാത്രക്കാര്‍ക്ക് ഡിപ്പാര്‍ച്ചര്‍ വിഭാഗത്തിലേക്ക് വേഗത്തില്‍ എത്തിപ്പെടാനും കഴിയും. നേരത്തെ യാത്രക്കാര്‍ക്കായി സൗജന്യ വൈഫൈയും, വിമാനത്താവളത്തിലെ വിവിധ ഗേറ്റുകളുടെയും പാസഞ്ചര്‍ ലോഞ്ചുകളുടെയും കഫേകളുടെയും ദിശ കാണിക്കാനും പരസഹായമില്ലാതെ നേരിട്ട് വിമാനത്തിലേക്ക് നയിക്കാനുമുതകുന്ന ഐ ബീക്കണ്‍ മൊബൈല്‍ ആപ്ളിക്കേഷന് തുടക്കമിട്ടിരുന്നു. 
 ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്രയാവുന്നവര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും ലഭ്യമാവുകയെന്നും ഇതിനായി ഏറ്റവും നവീനമായി സാങ്കേതിക വിദ്യയും സുരക്ഷാ സംവിധാനവുമാണ് നടപ്പാക്കുന്നതെന്നും സി.ഒ.ഒ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ലോകത്തിലെ മികച്ച എയര്‍പോര്‍ട്ടുകളിലൊന്നായി ഹമദിന് തങ്ങളുടെ പദവി  നിലനിര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. 
ചെക്ക് ഇന്‍ സേവനം സ്വയം ചെയ്യുന്നതോടെ യാത്രക്കാര്‍ക്ക് സ്വയം ബോര്‍ഡിങ് പാസ് ലഭിക്കുകയും, ബാഗ് ടാഗ് അടക്കമുള്ളവ തനിയെ പ്രിന്‍റ് ചെയ്ത് ബാഗേജില്‍ ഒട്ടിക്കാനും പ്രത്യേക കൗണ്ടറില്‍ നിക്ഷേപിക്കാനും സാധ്യമാകുന്ന മേഖലയിലെ ആദ്യവിമാനത്താവളമായി ഹമദ് മാറും. സ്വയം പ്രവര്‍ത്തിക്കുന്ന 63 ഇ-ഗേറ്റ് സംവിധാനം വഴി സ്വദേശികള്‍ക്കും പ്രീമിയം അംഗങ്ങള്‍ക്കും വേഗത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും സാധ്യമാകും. ബയോമെട്രിക് സംവിധാനങ്ങളുപയോഗിച്ചായിരിക്കും ഇവരുടെ രേഖകള്‍ പരിശോധിക്കുക. ഒരു വിമാനത്താവളത്തില്‍ നല്‍കുന്ന ഇമിഗ്രേഷന്‍ രേഖകള്‍ മറ്റു എയര്‍പോര്‍ട്ടുകളിലും ഉപയോഗിക്കാനുതകുന്ന തരത്തില്‍ ഏകീകൃത സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനായി വിവിധ എയര്‍പോര്‍ട്ടുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ പല വിമാനത്താവളങ്ങള്‍ വഴി യാത്രയാകേണ്ടവര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ക്കായുള്ള സമയം ലാഭിക്കാനും കാത്തിരിപ്പൊഴിവാക്കാനും കഴിയും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.