ദോഹ മെട്രോയ്ക്ക് ഐ.ടി സഹായം ഉരീദുവില്‍ നിന്ന്

ദോഹ: ദോഹ മെട്രോ പദ്ധതിയുടെ നടത്തിപ്പുകാരായ ഖത്തര്‍ റെയിലിനാവശ്യമായ വിവര-വിനിമയ സാങ്കേതിക സഹായം പ്രമുഖ മൊബൈല്‍ നെറ്റ്വര്‍ക്ക് ദാതാക്കളായ ഉരീദു നല്‍കും. ഇതുസംബന്ധിച്ച് ഖത്തര്‍ റെയിലും ഉരീദും തന്ത്രപ്രധാനമായ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം ഖത്തര്‍ റെയില്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍െറ പ്രവര്‍ത്തനം, നിര്‍മാണം, രൂപരേഖ തുടങ്ങിയ പുതിയ തലമുറയിലെ ഐ,ടി-സാങ്കേതിക സഹായം ഉരീദു നല്‍കും. ഇതുസംബന്ധിച്ച് ഉരീദു ഖത്തര്‍ സി.ഇ.ഒ വലീദ് അല്‍ സയീദ്, ഖത്തര്‍ റെയില്‍ സി.ഇ.ഒ സഅദ് അല്‍ മുഹന്നദി എന്നിവര്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. ഇരുകമ്പനികളുടെയും ഭാഗത്ത് നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. ഖത്തര്‍ റെയില്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍െറ ഐ.ടി സേവനങ്ങളുടെ പ്രാഥമിക ദാതാക്കള്‍ ഉരീദുവായിരിക്കും. ഖത്തര്‍ റെയില്‍ ശൃംഖലയുടെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റും ഐ.സി.ടി സേവനങ്ങളും കരാര്‍ പ്രകാരം ഉരീദു നല്‍കും. ഇതു പ്രാവര്‍ത്തികമാകുന്നതോടെ ഖത്തറിലെ സ്വദേശികളും വിദേശികളും സന്ദര്‍ശകരുമടക്കമുള്ള മുഴുവന്‍ ജനങ്ങള്‍ക്കും ഉരീദുവില്‍ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള  മികച്ച സേവനങ്ങള്‍ ലഭ്യമാകും. ലുസൈല്‍ സിറ്റി, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, കതാറ, സൂഖ് വാഖിഫ് തുടങ്ങി രാജ്യത്തെ പ്രധാന പദ്ധതികളിലെല്ലാം ലോക നിലവാരത്തിലുള്ള സേവനങ്ങളാണ് ഉരീദു നല്‍കിവരുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.