ദോഹ: അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്നലെ പെയ്ത ഗോള്‍ മഴയില്‍ ഭൂട്ടാന്‍ ഒഴുകിപ്പോയി. 2018ലെ റഷ്യന്‍ ലോകകപ്പ്, 2019ലെ ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ട് ഗ്രൂപ്പ് സിയില്‍ രണ്ടാം മത്സരത്തിനിറങ്ങിയ അന്നാബികള്‍ എതിരില്ലാത്ത 15 ഗോളുകള്‍ക്കാണ് താരതമ്യേന ദുര്‍ബലരായ ഭൂട്ടാനെ കശക്കിയെറിഞ്ഞത്. ക്യാപ്റ്റന്‍ ഹസന്‍ ഹൈദൂസ് രണ്ട് ഗോളുമായി മുമ്പില്‍ നിന്ന് പടനയിചപ്പോള്‍ ടീമംഗളും മോശമാക്കിയില്ല. മുഹമ്മദ് മുന്‍താരിയുടെയും അലി അല്‍ അസദല്ലയുടെയും ഹാട്രിക്കും കൂടി ചേര്‍ന്നപ്പോള്‍ ഖത്തറിന്‍െറ ഫുട്ബാള്‍ ചരിത്രത്തില്‍ പുതിയൊരേട് ചേര്‍ക്കുകയായിരുന്നു. എട്ടാം മിനുട്ടില്‍ മുഹമ്മദ് മൂസ തുടങ്ങിയ ഗോള്‍ വര്‍ഷം 87ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹസന്‍ ഹൈദൂസാണ് അവസാനിപ്പിച്ചപ്പോള്‍ അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഖത്തറിലെ ഫുട്ബാള്‍ പ്രേമികള്‍ക്ക് മതിമറന്ന് സന്തോഷിക്കാനുള്ള വകയൊത്തിരുന്നു. സിംഗപ്പൂരിനെതിരായ സന്നാഹ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയിച്ചതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍ പന്തുതട്ടിയത്. കളിയുടെ തുടക്കം മുതല്‍ കളത്തിലെ ആധിപത്യം ഖത്തരികള്‍ക്കായിരുന്നു. എട്ടാം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്നും നീട്ടിയടിച്ച പാസ് സ്വീകരിച്ച് പന്തുമായി ഒറ്റക്ക് കുതിച്ച് മനോഹരമായ ഫിനിഷിങിലൂടെയാണ് രണ്ടാം നമ്പറുകാരന്‍ മൂസ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 18ാം മിനുട്ടില്‍ മനോഹരമായ ക്രോസില്‍ തലവെച്ച് മുഹമ്മദ് കസോല ഗോളാക്കിയതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. 21ാം മിനുട്ടില്‍ അസദുല്ലയും നാല് മിനുട്ടിനു ശേഷം ക്യാപ്റ്റന്‍ ഹൈദൂസും ഗോള്‍ നേടി. അഞ്ചാം ഗോള്‍ മുഹമ്മദ് മൂസ നേടി ഗോള്‍ നേട്ടം ഇരട്ടിയാക്കിയപ്പോള്‍ അതുവരെ ഗോളടിക്കാത്ത മുഹമ്മദ് മുന്‍താരിയുടെ ഊഴമായിരുന്നു അടുത്തത്. തുടരത്തെുടരെ മൂന്ന് ഗോളടിച്ച് അദ്ദേഹം ഹാട്രിക്ക് പൂര്‍ത്തിയാക്കിയപ്പോള്‍ 48ാം മിനുട്ടില്‍ സ്കോര്‍ 9-0. രണ്ടാം പകുതിയിലും ഖത്തര്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഒരിക്കല്‍ പോലും ഭൂട്ടാന്‍കാര്‍ക്ക് ഖത്തറിനെതിരെ ഭീഷണിയുയര്‍ത്താനായില്ല. ബൂഅലേം കൗകിയുടെ ഇരട്ടഗോളുകളും ഇസ്മാഈല്‍ മുഹമ്മദ്, കസോല, അഫീഫ് എന്നിവരുടെ ഗോളുകളും കൂടിയായതോടെ ഭൂട്ടാന്‍െറ തകര്‍ച്ച സമ്പൂര്‍ണമായി. അപാരവേഗതയും മികച്ച പന്തടക്കവും ഖത്തറിന് വന്‍ വിജയം നേടുന്നതില്‍ നിര്‍ണായകമായി.
ഗ്രൂപ്പ് സിയില്‍ രണ്ടാം ജയത്തോടെ ഖത്തര്‍ രണ്ടാമതത്തെി. മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഹോങ്കോങ് ഏഴു പോയന്‍റുമായി മുമ്പിലാണ്. കളിച്ച മൂന്ന് മത്സരവും തോറ്റ ഭൂട്ടാന്‍ അവസാന സ്ഥാനത്താണ്. ഈ മാസം എട്ടിന് ഹോങ്കോങിനെതിരെ അവരുടെ മണ്ണില്‍ വെച്ച് ഖത്തരികള്‍ മൂന്നാം അങ്കത്തിനിറങ്ങുമ്പോള്‍ ഭൂട്ടാനെതിരായ വമ്പന്‍ ജയം ഖത്തറിനും കോച്ച് ദാനിയല്‍ കാരിനോക്കും ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, ഇന്നലെ ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങില്‍ ഖത്തര്‍ ഒരു സ്ഥാനം കൂടി മുമ്പിലേക്ക് കയറി 94ലത്തെി. ഏറെ നാളുകള്‍ക്ക് ശേഷം ആദ്യ നൂറിന് ഉള്ളില്‍ കടന്ന ഖത്തര്‍ പിന്നീട് റാങ്കിങ് മെച്ചപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.