ദോഹ: രാജ്യാന്തര നീന്തല്‍ ഫെഡറേഷനായ ഫിന സംഘടിപ്പിക്കുന്ന നീന്തല്‍ ലോകകപ്പിനുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന നീന്തല്‍ ലോകകപ്പില്‍ ദോഹയിലെ മത്സരങ്ങള്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ്.
ഹമദ് അക്വാറ്റിക് സെന്‍ററിലാണ് മത്സരങ്ങള്‍ നടക്കുന്നത്. തുടര്‍ന്ന് നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ദുബൈിലെ ഹമദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്പോര്‍ട്സ് കോംപ്ളക്സില്‍ നടക്കുന്ന മത്സരങ്ങളോടെ ലോകകപ്പ് പൂര്‍ത്തിയാകും. ദോഹയില്‍ 32 മത്സരങ്ങള്‍ നടക്കും.
രാവിലെ പത്ത് മുതല്‍ ഹീറ്റ്സും വൈകുന്നേരം ആറ് മുതല്‍ ഫൈനലും എന്ന നിലയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ദോഹയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടാം.
ഖത്തറിനെ പ്രതിനിധീകരിച്ച് 16കാരനായ അബ്ദുറഹ്മാന്‍ ഖാലിദ് അല്‍ കുവാരി, 17കാരായ അബ്ദുല്ല അല്‍ യെഹരി, വാലിദ് ദലൗള്‍, ഉമര്‍ ഹെഷാം, നോഹ് അല്‍ ഖുലൈഫി, യാക്കോബ് അല്‍ ഖുലൈഫി, അല്‍ ഒബൈദ്ലി ഹസന്‍ അബ്ദുല്‍ അസീസ്, മെസലാം അബ്ദുല്ല അല്‍ നാബിത്, അബ്ദുല്ല മുഹമ്മദ് അബൂഗസാല, അബ്ദുറഹ്മാന്‍ ഹെഷാം മുഹമ്മദ്, ഫിറാസ് മുറാദ് സെയ്ദി, നാദ മുഹമ്മദ് വഫ എന്നിവരാണ് മത്സരിക്കുന്നത്.
നദ മുഹമ്മദ് വഫ അര്‍ഖജിയിലാണ് ഖത്തര്‍ ടീമിന്‍െറ മെഡല്‍ പ്രതീക്ഷ. പന്ത്രണ്ടംഗ ടീമിലെ ബഹുഭൂരിപക്ഷം പേരും യുവതാരങ്ങളാണ്. അനുഭവസമ്പത്തും മത്സരപരിചയവും ആവോളമുള്ള നദ മുഹമ്മദ് വഫ നീന്തല്‍ക്കുളത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ ടീം. നീന്തല്‍ ലോകകപ്പും റിയോഡി ജനീറോ ഒളിമ്പിക്സ് യോഗ്യതയും ലക്ഷ്യമിട്ട് കടുത്ത പരിശീലനത്തിലായിരുന്നു നദ. ഖത്തര്‍ ടീമീലെ ഏറ്റവുമധികം അനുഭവസമ്പത്തുള്ള താരമായ അവര്‍, ഒളിമ്പിക്സില്‍ ഖത്തറിനെ പ്രതിനിധീകരിച്ച ആദ്യത്തെ വനിതയാണ്.
നീന്തല്‍ രംഗത്തെ മുന്‍നിര താരങ്ങള്‍ ദോഹയില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. മുന്നൂറിലധികം നീന്തല്‍ താരങ്ങളാണ് ദോഹയില്‍ മത്സരിക്കാനത്തെുന്നത്.
മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള ടിക്കറ്റുകള്‍ വിര്‍ജിന്‍ മെഗാ സ്റ്റോറുകള്‍ മുഖേനയും ഓണ്‍ലൈനിലൂടെയും ലഭ്യമാണ്. പത്ത് റിയാലാണ് ടിക്കറ്റ് വില. എല്ലാ വര്‍ഷവും ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ഫിന നീന്തല്‍ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ളത്.
എട്ട് രാജ്യങ്ങളിലായാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. രണ്ടു ദശലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക.
രണ്ടു മിക്സഡ് റിലേ ഉള്‍പ്പടെ 36ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ആഗസ്ത് 11, 12 തീയതികളിലായി റഷ്യയിലെ മോസ്കോയിലാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായത്. പാരിസ്, ഹോങ്കോങ്, ബീജിങ്, സിംഗപ്പൂര്‍, ടോക്കിയോ എന്നീ നഗരങ്ങളില്‍ പൂര്‍ത്തിയായശേഷമാണ് ദോഹയിലത്തെുക. കഴിഞ്ഞവര്‍ഷത്തെ ഫിന സ്വിമ്മര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കയുടെ വിഖ്യാതതാരം ചാദ് ലെ ക്ളോസ്, ഹംഗറിയുടെ കാറ്റിന്‍ക ഹൊസ്സു എന്നിവരാണ് ദോഹയിലെ പ്രധാന ആകര്‍ഷണം.
ഇവര്‍ക്ക് പുറമെ നിരവധി രാജ്യാന്തര താരങ്ങളും മത്സരിക്കുമെന്ന് ഖത്തര്‍ സ്വിമ്മിങ് അസോസിയേഷന്‍ പ്രസിഡന്‍റ് ഖലീല്‍ അല്‍ ജാബിര്‍ അറിയിച്ചു. ഒളിമ്പിക് യോഗ്യതാ മത്സരങ്ങളായി പരിഗണിക്കപ്പെടുന്നതിനാല്‍ ഒരുക്കങ്ങളിലും സൗകര്യങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന്് ഖലീല്‍ അല്‍ ജാബിര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് നീന്തല്‍ താരം ലിയാം ടാന്‍കോക്ക്, അമേരിക്കയുടെ നഥാന്‍ ആഡ്രിയാന്‍ എന്നിവരും ദോഹയില്‍ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.