ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് പ്രവാസലോകത്തിന്‍െറ ഐക്യദാര്‍ഢ്യം

ദോഹ: ഫാഷിസ്റ്റ് രാഷ്ട്രീയ ശൈലിക്കെതിരെ ഇന്ത്യന്‍ എഴുത്തുകാര്‍ പ്രകടിപ്പിച്ച ശക്തമായ പ്രതിഷേധ നിലപാടിന് ഐക്യദാര്‍ഢ്യവുമായി ഗള്‍ഫിലെ എഴുത്തുകാരും. വെറുപ്പിന്‍െറ പ്രത്യയശാസ്ത്രം ഉപയോഗിച്ച് ആളുകളെ കൊല്ലുമ്പോള്‍ അത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള കലഹമായി സാമാന്യവത്കരിക്കുന്നത് വരാന്‍ പോകുന്ന നിമിത്തങ്ങളെക്കുറിച്ചുള്ള സൂചനയാണെന്ന് വിവിധ ഗള്‍ഫ് നാടുകളിലെ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സംയുക്തപ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ജന പിന്തുണ സമാഹരിക്കാന്‍ മതവികാരത്തെ ഉപയോഗപ്പെടുത്തി അസഹിഷ്ണുത പടര്‍ത്തുന്ന ഫാഷിസത്തിനെതിരെ ഇന്ത്യയെ സ്നേഹിക്കുന്ന സമാധാനകാംക്ഷികളായ എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും രാജ്യത്തെ രക്ഷിക്കാന്‍ ആശയപരമായി മാനവ സ്നേഹത്തിന്‍െറ ആയുധമണിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ജനങ്ങളുടെ സൈ്വര ജീവിതം ഫാഷിസത്തിന്‍െറ പിടിയിലമര്‍ന്ന് തകരാന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്നും ഈ വിഷയത്തില്‍ കൊടി മറന്ന് ജാതി മത വൈജാത്യമില്ലാതെ ഐക്യപ്പെടാന്‍ കഴിയണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. 
സൗദി അറേബ്യയില്‍ നിന്ന് പി .ജെ .ജെ ആന്‍റണി, ജോസഫ് അതിരുങ്കല്‍, അബു ഇരിങ്ങാട്ടിരി, മുസാഫിര്‍, വി.എം ഇബ്രാഹീം, മന്‍സൂര്‍ പള്ളൂര്‍, ബഷീര്‍ വള്ളിക്കുന്ന്, നജീം കൊച്ചു കലുങ്ക്, സബീന എം .സാലി, എം .ഫൈസല്‍, ബീന കാഞ്ഞങ്ങാട്, റഫീഖ് പന്നിയങ്കര എന്നിവരും യു.എ.ഇയില്‍ നിന്ന് സുറാബ്, ഷാജഹാന്‍ മാടമ്പാട്ട്, വി.എം സതീഷ് എന്നിവരും പ്രേമന്‍ ഇല്ലത്ത് (കുവൈത്ത്), എം.ടി നിലമ്പൂര്‍, ഷീല ടോമി (ഖത്തര്‍) എന്നിവരുമാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.