ഖത്തറില്‍ തുര്‍ക്കി സൈനികകേന്ദ്രം സ്ഥാപിക്കും

ദോഹ: ഖത്തറില്‍ തുര്‍ക്കിയുടെ സൈനികകേന്ദ്രം സ്ഥാപിക്കാന്‍ ധാരണയായതായി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഉദ്ധരിച്ച് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഖത്തറിലത്തെിയ ഉര്‍ദുഗാന്‍, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായും മറ്റ് പ്രമുഖ നേതാക്കളുമായും ചര്‍ച്ച നടത്തുകയും  ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. പ്രകൃതിവാതക സംഭരണകേന്ദ്രം തുടങ്ങാനുള്ള കരാറും ഇതിലുള്‍പ്പെടും. സൈനിക കേന്ദ്രം സംബന്ധിച്ചും ധാരണ പത്രം കൈമാറിയതായി തുര്‍ക്കി ദിനപത്രം ‘സബാഹ്’ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ സൈനികര്‍ ഖത്തറില്‍ സ്ഥാപിക്കുന്ന ക്യാമ്പില്‍ ഉടന്‍തന്നെ എത്തുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. അതിനായുള്ള സജ്ജീകരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ തുര്‍ക്കിയുടെ ആദ്യത്തെ സൈനിക കേന്ദ്രമായിരിക്കും ഖത്തറിലേത്. ഖത്തര്‍-തുര്‍ക്കി സൈനികര്‍ ആദ്യ സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചതായും തുര്‍ക്കി പ്രസിഡന്‍റ് പറഞ്ഞു. പ്രകൃതിവാതക സംഭരണവുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിക്ഷേപമിറക്കാന്‍ തുര്‍ക്കി ആലോചിക്കുന്നുണ്ട്. 
ഖത്തറുമായി ഇത്തരം കാര്യങ്ങളില്‍ സഹകരിക്കുന്നത് കൂടുതല്‍ ഉചിതവും പുരോഗമനപരവുമായിരിക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. രാജ്യത്തിനാവശ്യമായ പ്രകൃതിവാതകം പൂര്‍ണമായി ഇറക്കുമതിചെയ്യുന്ന തുര്‍ക്കി നേരത്തെ റഷ്യയുമായി ഇത്തരം സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, സമീപകാലത്തുണ്ടായ സംഭവങ്ങളാണ് തുര്‍ക്കിയുടെ നിക്ഷേപം ഖത്തറിലേക്ക് മാറ്റാന്‍ കാരണം. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയില്‍ വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യയുടെ വിമാനം വെടിവെച്ചിട്ടതോടെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.