സുലാല്‍ ഒയാസീസ് കാണാന്‍ നിരവധി സന്ദര്‍ശകര്‍

ദോഹ: ഹസദ് ഫുഡ്സിന്‍െറ മണ്ണ് ഉപയോഗിക്കാതെയുള്ള ഹൈഡ്രോപോണിക്സ് ഗ്രീന്‍ ഹൗസ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഫിലിപ്പീന്‍സ് സ്കൂളിലെ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ശഹാനിയയിലെ സുലാല്‍ ഒയാസിസ് കൃഷിയിടം കാണാനത്തെി. ഖത്തറിന്‍െറ ചൂട് കാലവസ്ഥക്കും വരണ്ട ഭൂമിക്കും അനുയോജ്യമായ വിധത്തില്‍ പ്രത്യേക ഇനം കൃഷി രീതിയാണ് സുലാല്‍ ഒയാസിസ്. പുതിയ കൃഷി സാങ്കേതിക വിദ്യയും വിളവും കണ്ടു മനസ്സിലാക്കാന്‍ പ്രാദേശിക കര്‍ഷകര്‍ക്കും നിക്ഷേപകര്‍ക്കും അവസരം നല്‍കുകയെന്നതിന്‍െറ ഭാഗമായാണ് ഫാം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. ഹസദ് ഫുഡ്സിന് കീഴില്‍ ശഹാനിയയില്‍ തന്നെയുള്ള റോസ ഹസദ് ഗാര്‍ഡന്‍െറ കോമ്പൗണ്ടില്‍ തന്നെയാണ് സുലാല്‍ ഓയസീസ്. ഇന്നലെ ഉച്ചക്ക് ഒരു മണിവരെയാണ് ഇവിടെ സന്ദര്‍ശികര്‍ക്ക് പ്രവേശനമുണ്ടായിരുന്നത്. കൂടുതല്‍ പേരുടെ അഭ്യര്‍ഥന മാനിച്ച് ഞായറാഴ്ച 11 മണി മുതല്‍ ഒരു മണിക്കൂര്‍ സന്ദര്‍ശകരെ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വര്‍ഷം മുഴുവന്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ തക്ക സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഖത്തറിന്‍െറ കാര്‍ഷികമേഖലയില്‍  വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഈ കൃഷി രീതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൈലറ്റ് പദ്ധതിയായി തുടങ്ങിയ കൃഷി രീതി വന്‍ വിജയം നേടിയതായാണ് ഹസദ് ഫുഡ്സ് അധികൃതരുടെ വിലയിരുത്തല്‍. ഒരു ചതുരശ്ര മീറ്ററില്‍ 37 കിലോഗ്രാം പച്ചക്കറികള്‍  ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. ദീര്‍ഘകാല ഉല്‍പാദനം സാധ്യമാകുന്നതാണ് ഈ സാങ്കേതിക വിദ്യ. സീസണ്‍ നോക്കാതെ 12 മാസവും വിളവ് ലഭിക്കും. ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളം നൂറ് ശതമാനം പുനരുപയോഗത്തിന് സാധ്യമാണ്. ഖത്തറില്‍ കാര്‍ഷികമേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് വലിയ പരിഹാരമാണ് പുതിയ പദ്ധതി. ഉയര്‍ന്ന താപനില, സാന്ദ്രത, ഭൂഗര്‍ഭ ജലത്തിന്‍െറ കുറവ്, കൃഷിയോഗ്യമായ സ്ഥലങ്ങള്‍ എന്നിവയാണ് ഖത്തറില്‍ കൃഷി മേഖലയിലെ  പ്രധാന പ്രതിസന്ധികള്‍.  ഇതിനെ മറികടക്കാന്‍ പുതിയ കൃഷിരീതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി ലാഭകരമാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയെന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരമായി ഇവിടെ തന്നെ കൃഷി ചെയ്യാനാകുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിന്‍െറ ഡിസൈനും നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനി ചെയ്തു കൊടുക്കും. രാജ്യത്തെ ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ഖത്തര്‍ നിക്ഷേപക അതോറ്റിക്ക് കീഴില്‍ രൂപം നല്‍കിയ കമ്പനിയാണ് ഹസദ് ഫുഡ്. ഇവര്‍ക്ക് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി കൃഷി, ആട് ഫാമുകളുണ്ട്. ഹസദ് ഫുഡും ഒയാസിസ് അഗ്രിടെക്നോളജിയും സംയുക്തമായാണ് 2013ല്‍ സുലാല്‍ ഒയാസിസിനു രൂപം നല്‍കിയത്. 2012ല്‍ ആരംഭിച്ച ശഹാനിയയിലെ റോസ ഹസദില്‍ വ്യത്യസ്തമായ പുഷ്പ-ഫല സസ്യങ്ങള്‍ വളര്‍ത്തുന്നതിന് 18 ഗ്രീന്‍ ഹൗസുകളായി തോട്ടത്തെ തിരിച്ചിട്ടുണ്ട്. വിവിധ തരത്തിലുളള പനിനീര്‍ പൂക്കള്‍, ജെര്‍ബറ ഡയാസിസ്, ആന്തൂറിയങ്ങള്‍ തുടങ്ങിയവയാണ് ഓരോ ഗ്രീന്‍ ഹൗസിലുമുള്ളത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.