അപകടത്തിൽ മരണപ്പെട്ട യൂസുഫ്, കാണാതായ മാതാവ് റംലത്ത്
മസ്കത്ത്: അപ്രതീക്ഷിതമായെത്തിയ മഴവെള്ളപ്പാച്ചിലിലെ അപകടത്തിൽനിന്ന് ഉമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് യൂസുഫിന്റെയും ജീവൻ പൊലിഞ്ഞത്. ഭാര്യയെയും മക്കളെയും അതിസാഹസികമായി രക്ഷപ്പെടുത്തിയ യുസുഫ് ഉമ്മയെ തിരഞ്ഞാണ് വീണ്ടും വാദിയിലേക്കിറങ്ങിയത്. പക്ഷേ, അതിശക്തമായ കുത്തൊഴുക്കിൽ യൂസുഫിനും പിടിച്ചുനിൽക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്ററോളം മാറിയാണ് യുസുഫിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. അപകടമുണ്ടായ വാദി കടലിലാണ് ചെന്നുചേരുന്നത്. ഇതിന് സമീപത്തായാണ് യുസുഫിനെ കണ്ടെടുത്തത്.
മാതാവ് റംലത്ത് ഇപ്പോഴും കാണാമറയത്താണ്. ഞായറാഴ്ച പകൽ മുഴുവൻ സിവിൽ ഡിഫിൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ സേനയും പ്രവാസി രക്ഷാ പ്രവർത്തകരും വാദി മുഴുവൻ തെരഞ്ഞിട്ടും റംലത്തിനെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച പകലും തെരച്ചിൽ നടത്താനാണ് യൂസുഫിന്റെ പിതാവ് മുഹമ്മദ് കുട്ടിയുടെ തീരുമാനം. യുസുഫിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
50 വർഷത്തോളമായി ബർകയിൽ ബിസിനസുകാരനാണ് പാലക്കാട് തൃത്താല സൗത്ത് തച്ചറത്തൊടിയില്‍ മുഹമ്മദ് കുട്ടി. യുസുഫടക്കം രണ്ടു മക്കളാണ് ദമ്പതികൾക്ക്. മകൾ സീനത്ത് നാട്ടിലാണുള്ളത്. അഞ്ചാറു വർഷം മുമ്പ് പ്രവാസമൊക്കെ അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിനായി മുഹമ്മദ് കുട്ടിയും ഭാര്യ റംലത്തും നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് യുസുഫിന്റെ നിർബന്ധത്തിന് വഴങ്ങി ആറു മാസം മുമ്പാണ് ഇരുവരും ബർകയിൽ തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.