മസ്‌കത്ത്: ഒമാനിലെ പ്രധാന പാതകളിലൊന്നായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ മുഖച്ഛായ മാറ്റാൻ വിപുലമായ നവീകരണ പദ്ധതികളുമായി തെക്കൻ ബാത്തിന മുനിസിപ്പാലിറ്റി.

ബർക്ക വിലായത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഓരത്ത് ഉണങ്ങിയും നശിച്ചും പോയ മരങ്ങൾ നീക്കി പുതിയവ വെച്ചുപിടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരത്തിന്റെ സൗന്ദര്യത്തിന് തടസ്സമാവുന്ന രീതിയിൽ ഉണങ്ങി നിൽക്കുന്ന സിദർ മരങ്ങൾ നീക്കം ചെയ്യുകയാണ് ആദ്യ ഘട്ടം. ബർക്ക മുതൽ മുസന്ന വരെയുള്ള ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ പ്രവൃത്തികൾ നടക്കുന്നത്.

രണ്ടാം ഘട്ടത്തിൽ പ്രദേശത്തെ കാലാവസ്ഥക്ക് അനുയോജ്യമായതും തണൽ നൽകുന്നതുമായ സാൽസോള, ബോഗൺവില്ല, അക്കേഷ്യ തുടങ്ങിയ മരങ്ങൾ വെച്ചുപിടിപ്പിക്കും. ഇത് റോഡിന് കൂടുതൽ ഭംഗി നൽകുന്നതിനൊപ്പം അന്തരീക്ഷവായു ശുദ്ധീകരിക്കാനും സഹായിക്കും. മൂന്നാം ഘട്ടത്തിൽ റോഡിന്റെ വശങ്ങളിൽ മനോഹരമായ ചെടികൾ കൊണ്ട് വേലികളും അലങ്കാര കുറ്റിച്ചെടികളും നിർമ്മിച്ച് ആധുനികമായ രീതിയിൽ പാതയെ മാറ്റിയെടുക്കും.

മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ സീബ് ഭാഗത്തും വനവൽക്കരണ പദ്ധതി നടപ്പാക്കുന്നുണ്ട്.

റോഡിന്റെ ഇരുവശങ്ങളിലുമായി 14 കിലോമീറ്റർ ദൂരത്തിലാണ് നവീകരണം. നിലവിലുള്ള 1,300 ഈന്തപ്പനകൾ നീക്കം ചെയ്ത് പകരം 1,500 പുതിയ ചെടികൾ വെച്ചുപിടിപ്പിക്കും. വാഹനയാത്രികരുടെ കാഴ്ച മറക്കുന്ന രീതിയിലുള്ള മരങ്ങൾ നീക്കം ചെയ്യുന്നതിലൂടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. വരാനിരിക്കുന്ന മസ്‌കത്ത് മെട്രോ പദ്ധതിയുടെയും അൽ ഖുവൈർ ഡൗൺടൗൺ പദ്ധതിയുടെയും ഭാഗമായാണ് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഇത്തരത്തിൽ വൻതോതിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നത്.

Tags:    
News Summary - Sultan Qaboos Street Gets a Facelift in South Batinah and Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.