അതീൻ നാച്ചുറൽ പാർക്കിന്റെ മാതൃകാ ചിത്രം
സലാല: സലാലയുടെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവേകാൻ ‘അതീൻ നാച്ചുറൽ പാർക്ക്’ യാഥാർഥ്യത്തിലേക്ക്. ദോഫാർ ഗവർണറേറ്റും ഊർജ്ജ-ധാതു മന്ത്രാലയവും തമ്മിൽ 40 ലക്ഷത്തിലധികം ഒമാനി റിയാൽ മൂല്യമുള്ള പദ്ധതിയുടെ നിർമാണ കരാർ ഒപ്പിട്ടു. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സലാലയിലെ ഇതീൻ സമതലത്തിൽ ഏകദേശം 2,70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രകൃതിഭംഗിയും വിനോദസൗകര്യങ്ങളും ഒത്തുചേരുന്ന രീതിയിൽ ഒരുക്കുന്ന ഈ പാർക്ക്, സഞ്ചാരികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ ആസ്വദിക്കാവുന്ന ഒരിടമായിരിക്കും. കൃത്രിമ ജലപാത, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, വിനോദ മേഖലകൾ, റസ്റ്ററന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ, പ്രത്യേക പരിപാടികൾ നടത്തുന്നതിനുള്ള ഇടങ്ങൾ എന്നിവ പാർക്കിലുണ്ടാകും. കൂടാതെ സന്ദർശകർക്കായി വിപുലമായ പൊതുസൗകര്യങ്ങളും ഇവിടെ ഒരുക്കും.
സർക്കാറും സ്വകാര്യ മേഖലയും പ്രാദേശിക സമൂഹവും തമ്മിലുള്ള സഹകരണത്തിന്റെ മികച്ച മാതൃകയാണ് ഈ പദ്ധതി. ദോഫാർ ഗവർണറേറ്റ്, എനർജി സെക്ടർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ, പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്തി ടൂറിസം മേഖലയെ, പ്രത്യേകിച്ചും ഖരീഫ് സീസണിൽ, ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദോഫാറിലെ വിനോദസഞ്ചാര പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുക, സുസ്ഥിര വികസനവും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുക, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദോഫാർ മുനിസിപ്പാലിറ്റിയിലെ ടെക്നിക്കൽ അഫയേഴ്‌സ് ആൻഡ് പ്രൊജക്ട് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല മുഹമ്മദ് ഗവർണറേറ്റിന് വേണ്ടി കരാറിൽ ഒപ്പുവെച്ചു.
നിർമ്മാണ കമ്പനിയെ പ്രതിനിധീകരിച്ച് ഹാഫിദ് സാലിം, പി.ഡി.ഒ ക്ക് വേണ്ടി കമ്മ്യൂണിറ്റി റെസ്‌പോൺസിബിലിറ്റി വിഭാഗം മേധാവി അബ്ദുല്ല മുബാറക് എന്നിവരും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.