ഒമാൻ
മസ്‌കത്ത്: ഇന്ത്യൻ സ്കൂൾ ദാർസൈറ്റിലെ 2026–27 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. സ്കൂൾ സീനിയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയുക്ത വിദ്യാർഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഒമാനിലെ യുഎസ് എംബസിയിലെ ഡിഫൻസ് അറ്റാഷെ കേണൽ നഥാൻ മൻ ചടങ്ങിൽ മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ മിർസ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷാലിമാർ മൊയ്തീൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂളിന്റെ അന്തസ്സും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത വിദ്യാർഥി നേതാക്കൾക്ക് മുഖ്യാതിഥിയും സ്കൂൾ ഭാരവാഹികളും ചേർന്ന് ബാഡ്ജുകളും സാഷുകളും അണിയിച്ചു. സത്യസന്ധതയോടും അർപ്പണബോധത്തോടും കൂടി ചുമതലകൾ നിർവഹിക്കാൻ പ്രിൻസിപ്പൽ വിദ്യാർഥികളെ ആഹ്വാനം ചെയ്തു.
യഥാർത്ഥ നേതൃത്വം എന്നത് സ്വന്തത്തേക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകുന്നതാണെന്നും കരുണയും വിനയവുമാണ് വിജയത്തിലേക്കുള്ള വഴിയെന്നും കേണൽ നഥാൻ മൻ വിദ്യാർഥികളെ ഓർമ്മിപ്പിച്ചു. എളിയ സേവനത്തിലൂടെയും മാതൃകാപരമായ പെരുമാറ്റത്തിലൂടെയും സഹപാഠികളുടെ വിശ്വാസം നേടിയെടുക്കാൻ വിദ്യാർഥി നേതാക്കൾക്ക് കഴിയണമെന്ന് ഷാലിമാർ മൊയ്തീൻ പറഞ്ഞു. പുതിയ കൗൺസിലിനെ പ്രതിനിധീകരിച്ച് ഹെഡ് ബോയ് ആര്യൻ പ്രദീപ് സംസാരിച്ചു. ഹെഡ് ഗേൾ നക്ഷത്ര രാജേഷ് കുമാർ നന്ദി പറഞ്ഞു. ചടങ്ങിന് മിഴിവേകി സ്കൂൾ ഗായകസംഘം പ്രാർഥനാ ഗീതങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.