മസ്കത്ത്: ലോക അർബുദ ദിനത്തോടനുബന്ധിച്ച് 20,000 സൗജന്യ കാൻസർ റിസ്ക് അസെസ്മെന്റുകളും പരിശോധനകളും നൽകുന്ന കാമ്പയിനുമായി ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ്. ബദർ കർക്കിനോസ് സെന്റർ ഫോർ കാൻസർ കെയർ നടത്തുന്ന കാമ്പയിൻ, ഏപ്രിൽ 30വരെ നീണ്ടുനിൽക്കും. സ്വദേശികൾക്കും ഒമാനിലെ പൗരൻമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു. രോഗം നേരത്തേ കണ്ടെത്തുകയും അർബുദത്തെ കുറിച്ചുള്ള സുപ്രധാന ആരോഗ്യ അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്‍റെ ലക്ഷ്യം. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര്, വയസ്സ്, ആൺ/പെൺ, പരിശോധനക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം എന്നിവ സഹിതം 72255689 എന്ന നമ്പറിലേക്ക് വാട്സ്ആപ് അയച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്യുആർ കോഡ് ഉയോഗിച്ചും എൻറോൾ ചെയ്യാം. രജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ അപ്പോയിന്റ്മെന്റ് തീയതിയും സമയവും അറിയിച്ച് വിവരം ലഭിക്കും.
പരിചയസമ്പന്നരായ ഒരു കൂട്ടം ഓങ്കോളജിസ്റ്റുകൾ മേൽനോട്ടം വഹിക്കുന്ന കൃത്രിമ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) അഥവാ എ.ഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമാണ് ബദർ അൽ സമയുടെ കാൻസർ റിസ്ക് അസെസ്മെന്റ് പ്രോഗ്രാം. മാരകമായ മറ്റു സാംക്രമികമല്ലാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ അപകട ഘടകങ്ങളെയും താരതമ്യം ചെയ്യുന്ന ചോദ്യങ്ങളുടെ ഒരു പരമ്പര ഇതിലുണ്ടാകും. അവസാനം, എ.ഐയുടെ സഹായത്തോടെ ഒാരോരുത്തരുടെയും റിസ്ക് സ്കോർ കണക്കാക്കുകയും ചെയ്യും. കാൻസർ റിസ്ക് അസെസ്മെന്റിന് പുറമെ രജിസ്റ്റർ ചെയ്ത എല്ലാവർക്കും സൗജന്യ കൺസൽട്ടേഷനും ബോധവത്കരണവും ബദർ അൽസമ നൽകും.കൃത്യസമയത്ത് രോഗനിർണയം നടത്താനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും ആരോഗ്യപരിശോധന പരിപാടികൾ അനിവാര്യമാണെന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർമാരായ അബ്ദുല്ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.