നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്കൊപ്പം ഒമാൻ പ്രവാസി അസോസിയേഷൻ പ്രവർത്തകർ
മസ്കത്ത്: യുദ്ധ സാഹചര്യങ്ങളാൽ അടിയന്തരമായി വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഒമാനിലെ എയർപോർട്ടിൽ കുടുങ്ങിയ നാല് തിരുവനന്തപുരം സ്വദേശികൾ ഒമാൻ പ്രവാസി അസോസിയേഷന്റെ തണലിൽ നാട്ടിലേക്ക് മടങ്ങി. മൂന്നുദിവസം അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യമായി പുനരധിവസിപ്പിച്ചതിന് ശേഷമാണ് നാട്ടിലേക്ക് ഇവരെ അയച്ചത്.
സെക്രട്ടറി നൂറുദ്ദീൻ, സിയാദ് എന്നിവർ എയർപോർട്ടിൽ കുടുങ്ങിയവർക്ക് ഭക്ഷണ വിതരണം നൽകുന്നതിന് വേണ്ടി എത്തിയപ്പോഴാണ് യാദൃശ്ചികമായി വിമാനം റദ്ദാക്കിയതിനെത്തുടർന്ന് എയർപോർട്ടിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശികളായ നാല് പ്രവാസികളെ കാണുന്നത്.
നാട്ടിൽ നിന്നും ജോലി അന്വേഷിച്ച് വിസിറ്റിങ് വിസയിൽ ഒമാനിൽ എത്തിയവരായിരുന്നു ഇവർ. രണ്ടുമാസം ജോലി ചെയ്തെങ്കിലും കൃത്യമായ ശമ്പളം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടിലായി അവസാന നിമിഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് യുദ്ധസാഹചര്യത്തെ തുടർന്ന് വിമാനം റദ്ദാക്കുന്നത്.
ഇവരുടെ സങ്കടാവസ്ഥ മനസ്സിലാക്കിയ അസോസിയേഷൻ സെക്രട്ടറി ഇവരെ സ്വന്തം ഭവനത്തിൽ സൗജന്യമായി താമസിപ്പിക്കുകയും ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തു.
വിസിറ്റിങ് വിസ തീരാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ് പ്രവർത്തനം ആരംഭിച്ച ഉടൻതന്നെ ഇവർക്കുവേണ്ട ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് തിരികെ അയച്ചത്. ഈ ആവിശ്യ ഘട്ടത്തിൽ സഹായിച്ച അസോസിയേഷൻ അംഗങ്ങളോട് നന്ദി പറഞ്ഞു കൊണ്ടാണ് നാലുപേരും നാട്ടിലേക്ക് സന്തോഷത്തോടെ മടങ്ങിയത്. ഇവരെ കൂടാതെ കസബിലേക്ക് മടങ്ങാൻ വേണ്ടി എത്തി മസ്‌ക്കത്ത് എയർപോർട്ടിൽ കുടുങ്ങിയ എട്ടു പേരെയും ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംരക്ഷിച്ചിരുന്നു.
അതിൽ രണ്ടുപേർ കസബിലേക്ക് റോഡ് മാർഗം മടങ്ങാൻ സാധിച്ചെങ്കിലും വിസിറ്റിംഗ് വിസയിൽ വന്ന രോഗികളടക്കം ബാക്കി ആറു പേർ ഇപ്പോഴും മസ്കത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇവർക്കും വേണ്ട എല്ലാ സഹായങ്ങളും നൽകിവരുന്നതായി അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.